ചെറുവത്തൂർ: അവധിക്കാല അദ്ധ്യാപക ശില്പശാലയ്ക്ക് മുന്നോടിയായി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പരിശീലനത്തിന് തുടക്കം. ഇതിന്റെ തുടർച്ചയായി പ്രൈമറി അദ്ധ്യാപകർക്കായി മെയ് 7 മുതൽ 10 വരെയും മെയ് 13 മുതൽ 16 വരെയും രണ്ട് ഘട്ടങ്ങളിലായി ശില്പശാലകൾ സംഘടിപ്പിക്കും. നാലു ദിവസം നീളുന്ന അദ്ധ്യാപകരുടെ ഒത്തുചേരലിൽ അക്കാദമിക ഇടപെടലുകളുടെ തുടർച്ചയും വളർച്ചയും അന്താരാഷ്ട്ര നിലവാരവും അന്വേഷണാത്മക പഠന തന്ത്രങ്ങളും അന്താരാഷ്ട്ര നിലവാരവും അക്കാദമിക പഠനവും ഗുണമേന്മാ വിദ്യാഭ്യാസവും നിലവാര തെളിവുകളിൽ തിളങ്ങുന്ന ക്ലാസ് മുറികൾ, ഗവേഷണാത്മക അദ്ധ്യാപനവും നൂതനാശയ പ്രവർത്തനങ്ങളും എന്നീ അഞ്ച് ശില്പശാലകളാണ് നടക്കുക. ചെറുവത്തൂർ ഉപജില്ലയിലെ പരിശീലനം ചന്തേര ജി.യു.പി സ്‌കൂളിൽ സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി.പി വേണുഗോപാലനും ചന്തേര ഐ.ഐ.എ എൽ.പി സ്‌കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാറും ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളായ ടി.വി ഗോപകുമാർ, ടി.കെ രത്നാഭായ്, ഡയറ്റ് ലക്ചറർ വി. മധുസൂദനൻ, അനൂപ് കല്ലത്ത്, ബി.പി.ഒമാരായ പി.വി ഉണ്ണിരാജൻ, കെ.പി ബാബു എന്നിവർ സംസാരിച്ചു. ഡി .ആർ.ജി പരിശീലനം മെയ് രണ്ടിന് സമാപിക്കും.