കാസർകോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസിൽ വാതിൽ തകർത്ത് ക്രൈംഫയൽ കടത്തിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ രണ്ട് സേലം സ്വദേശിനികൾ റിമാൻഡിൽ. സേലം കളകുറിശ്ശി ബൃതിമങ്കലം സ്വദേശിനികളും കാസർകോട് ചൂരിപ്പള്ളി ക്വാർട്ടേഴ്സിൽ താമസക്കാരുമായ പാർവതി(40), ഹംസവല്ലി (30) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ 23ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. തോട്ടടുത്ത ഇറിഗേഷൻ വകുപ്പ് കെട്ടിടത്തിലെ ജീവനക്കാർ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് രണ്ട് ഓട്ടോറിക്ഷകളിലായി ഫയലുകൾ കടത്തികൊണ്ടു പോകുന്നത് ശ്രദ്ധയിൽപെട്ടത്. പ്ലാസ്റ്റിക് ചാക്കുകളിൽ കുത്തിനിറച്ചാണ് ഫയലുകൾ കൊണ്ടുപോയത്. ഇവർ നൽകിയ വിവരത്തെ തുടർന്ന് പൊലീസെത്തി പഴയ എസ്.പി ഓഫീസ് കെട്ടിടത്തിനകത്ത് പരിശോധന നടത്തിയപ്പോൾ മുഴുവൻ ഫയലുകളും അപ്രത്യക്ഷമായതായി കണ്ടെത്തുകയായിരുന്നു. അടച്ചുറപ്പില്ലാത്ത കെട്ടിടത്തിനകത്തെ അലമാരയിൽ സൂക്ഷിച്ച ഫയലുകളാണ് ഇവർ കവർന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.