കണ്ണൂർ: കണ്ണൂർ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി തടവു ചാടാൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു.തടവുകാരായ അരുൺകുമാർ, റഫീഖ്, അഷറഫ് ഷംസീർ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സുകുമാരൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ബാബു, യാക്കൂബ്, താത്കാലിക ജീവനക്കാരനായ പവിത്രൻ എന്നിവരെയാണ് മയക്കുഗുളിക ചേർത്ത ചായ നൽകി ഇവർ മയക്കിക്കിടത്തിയത്. അരുൺ കുമാർ ചീമേനിയിലെ അദ്ധ്യാപികയെ കൊലപ്പെടുത്തിയ കേസിലും റഫീഖ് മാനഭംഗ കേസിലും അഷറഫ് ഷംസീർ മയക്കുമരുന്ന് കേസിലും റിമാൻഡിൽ കഴിയുകയാണ്. ജാമ്യത്തിലെടുക്കാൻ ആരും വരില്ലെന്നും ശിക്ഷ ഉറപ്പാണെന്നു ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ഇവർ തടവു ചാടാൻ പദ്ധതിയിടുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഒരു മാസം മുമ്പ് ആസൂത്രണം ചെയ്ത തടവു ചാടൽ പദ്ധതിക്ക് വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയാണ് സംഘം തിരഞ്ഞെടുത്തത്.ജയിലിലെ അടുക്കളയിൽ ജോലി ചെയ്തുവരുന്ന
ഈ സംഘമാണ് ഉദ്യോഗസ്ഥർക്ക് ചായയും പ്രാതലും നൽകിയിരുന്നത്. എന്നാൽ ചൊവ്വാഴ്ച രാവിലെ ചായ കഴിച്ച മൂന്ന് ഉദ്യോഗസ്ഥർക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ചായ കഴിച്ച ശേഷം അബോധാവസ്ഥയിലായ ഇവരെ മറ്റു ഉദ്യോഗസ്ഥർ ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ചായയിൽ നിന്ന് വിഷബാധയുണ്ടായെന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥർ. തുടർന്ന് ആരോഗ്യ വകുപ്പിന്റെ സംഘം വിശദമായി നടത്തിയ പരിശോധനയിൽ ഭക്ഷ്യവിഷബാധയല്ലെന്നു കണ്ടെത്തി. അടുക്കളയിലെ സി.സി ടിവി പരിശോധിച്ചതിൽ റഫീഖ് ഒരു കടലാസ് പൊതിയിൽ നിന്ന് വെളുത്ത പൊടി ചായയിൽ ഇടുന്ന ദൃശ്യം കണ്ടെത്തുകയായിരുന്നു.തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഉദ്യോഗസ്ഥരെ മയക്കിക്കിടത്തി താക്കോൽ തട്ടിയെടുത്ത് തടവുചാടാനായിരുന്നു ശ്രമമെന്നും എല്ലാവരും ഉണർന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പ്രതികൾ പറഞ്ഞു. അതേസമയം ഇവരുടെ കൈയിൽ മയക്കുഗുളിക എങ്ങനെ വന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല. പ്രതികളെ സന്ദർശിക്കാനെത്തിയ ആരോ നൽകിയതാകാമെന്നാണ് നിഗമനം. ജില്ലാ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയിൽ ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മൂന്ന് തടവുകാർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.