കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരും കാസർകോട്ടും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തതായി ആരോപിച്ച കോൺഗ്രസ്, വനിതകൾ ഉൾപ്പെടെ പലരും ഒന്നിലേറെ തവണ വോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കള്ളവോട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ റീപോൾ ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച സി.പി. എം, കോൺഗ്രസിന്റെ പരാജയഭീതിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞു.
സംഭവത്തെ പറ്റി കണ്ണൂർ, കാസർകോട് ജില്ലാ കളക്ടർമാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അടിയന്തര റിപ്പോർട്ട് തേടി.
കാസർകോട് മണ്ഡലത്തിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ പിലാത്തറയിലെ 774ാം നമ്പർ വോട്ടറായ പത്മിനി രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ആദ്യം വിരലിൽ പുരട്ടിയ മഷി തലയിൽ തുടയ്ക്കുന്നുണ്ട്. ബൂത്തിന്റെ വാതിലടച്ച ശേഷമാണ് രണ്ടാമത്തെ വോട്ട് നടന്നത്. പോളിംഗ് ഓഫീസറുടെ സഹായത്തോടെയാണ് ഇവർ കള്ളവോട്ട് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
കണ്ണൂരിൽ ജനപ്രതിനിധിയും മുൻ ജനപ്രതിനിധിയും കള്ളവോട്ട് ചെയ്‌തെന്ന് കോൺഗ്രസ് ആരോപിച്ചു. 17-ാം ബൂത്തിൽ വോട്ടുള്ള കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ സി.പി.എം അംഗം എം.പി. സെലീന 19-ാം ബൂത്തിൽ ചെയ്‌തത് കള്ളവോട്ടാണെന്നും സലീനയ്‌ക്കു ബൂത്ത് ഏജന്റ് തിരിച്ചറിയൽ കാർഡ് നൽകുന്നതും, വോട്ട് ചെയ്തശേഷം തിരിച്ചു നൽകുന്നതും ദൃശ്യങ്ങളിലുണ്ടെന്നും കോൺഗ്രസ് പറയുന്നു.
24-ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുൻ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19-ാം ബൂത്തിൽ വോട്ട് ചെയ്‌തു. പിലാത്തറ എ.യു.പി സ്കൂളിലെ 19-ാം ബൂത്തിൽ മറ്റ് ആറു പേർ കള്ളവോട്ട് ചെയ്യുന്നതിന്റെയും തൃക്കരിപ്പൂർ 48-ാം ബൂത്തിലും പയ്യന്നൂർ 136-ാം ബൂത്തിലും സമാനസംഭവങ്ങൾ അരങ്ങേറിയതിന്റെയും ദൃശ്യങ്ങളും പുറത്തുവിട്ടു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു മറ്റു ബൂത്തിലുള്ളവർ വോട്ട് ചെയ്തെന്നും സി.പി.എം പ്രാദേശിക നേതാക്കളുടെ സഹായത്തോടെയാണ് കള്ളവോട്ട് നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
കണ്ണൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി വോട്ടെടുപ്പിന്റെ പിറ്റേന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞിരുന്നു. വൈകിട്ട് 6ന് ശേഷം കള്ളവോട്ട് നടന്നതായി കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും പറഞ്ഞു.
ഇല. കമ്മിഷന്റെ ദൃശ്യങ്ങൾ
കോൺഗ്രസ് പുറത്തു വിട്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാമറകളിലെ ദൃശ്യങ്ങളാണെന്ന് അറിയുന്നു. കണ്ണൂരിലെ ഭൂരിപക്ഷം ബൂത്തുകളിലും കമ്മിഷൻ കാമറകൾ സ്ഥാപിച്ചിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ പല ബൂത്തുകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് അറിയുന്നു. വ്യക്തമായ തെളിവുകളോടെ സി.പി.എമ്മിനെതിരെ പരാതി നൽകാനാണ് കോൺഗ്രസ് നീക്കം.
ആരോപണം പച്ചനുണ: എം.വി. ജയരാജൻ
കള്ളവോട്ട് ആരോപണം പച്ച നുണയാണെന്നും ചെയ്‌തത് ഓപ്പൺ വോട്ടുകളാണെന്നും സഹായികളായി പോയവരെ കള്ളവോട്ട് ചെയ്‌തവരായി ചിത്രീകരിക്കുകയാണെന്നും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. പരാജയഭീതിയാണ് കോൺഗ്രസിന്. സി.പി.എം പഞ്ചായത്തംഗം മറ്റൊരു ബൂത്തിൽ ഓപ്പൺ വോട്ട് ചെയ്തതാണ്.