കാസർകോട്: മുള്ളൻപന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ബേഡഡുക്ക മുള്ളങ്കോട്ടെ പി. മനോഹരൻ (45), അമ്മങ്കോട്ടെ എ. കമലാക്ഷൻ (46) എന്നിവരെയാണ് കാസർകോട് റേഞ്ച് ഓഫീസർ എൻ. അനിൽ കുമാർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 26 നാണ് മുള്ളൻപന്നിയുടെ കറിയുമായി കുണ്ടംകുഴി നീർളക്കയയിലെ കെ. ഭാസ്‌കരൻ (47), ബേഡഡുക്ക തലേക്കുന്നിലെ വി.കെ കൃഷ്ണൻ നായർ (63) എന്നിവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാലു പേർ ഓടിരക്ഷപ്പെടുകയായിരുന്നു.

ഇവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ ഹർജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ നിർദേശം നൽകുകയായിരുന്നു. ഇതേതുടർന്നാണ് രണ്ടു പേർ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസർക്കും കോടതി നിർദേശം നൽകി. കുറ്റിക്കോലിലെ അംബുജാക്ഷൻ, മുന്നാട്ടെ പൊക്കായി എന്ന രാമചന്ദ്രൻ എന്നിവരെയാണ് കേസിൽ ഇനി പിടികിട്ടാനുള്ളത്. സംഘത്തിൽ നിന്നു നേരത്തെ ഒരു തോക്ക് വനംവകുപ്പ് പിടികൂടിയിരുന്നു. ഇനി രണ്ടു തോക്കുകൾ കൂടി കണ്ടെടുക്കാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പള്ളി ഇമാമിനു നേരെയുണ്ടായ അക്രമം

അന്വേഷണം പുതിയ ടീമിന്

കാസർകോട്: നെല്ലിക്കുന്നിൽ പള്ളി ഇമാമിനു നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ ടീമിനെ ഏൽപിച്ചു. കാസർകോട് ടൗൺ എ.എസ്.ഐ ജോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 50 ഓളം പേരെ ചോദ്യം ചെയ്തു. 30 ഓളം ഫോൺ കോളുകളും പരിശോധിച്ചു. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് പൊലീസിപ്പോൾ.

നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂർ മസ്ജിദ് ഇമാമും കർണാടക കൽമടുക്ക ഉച്ചില ഹൗസിൽ അബ്ദുൽ ഖാദറിന്റെ മകനുമായ അബ്ദുൽ നാസർ സഖാഫി (26) മാർച്ച് 21 ന് രാത്രിയാണ് ആക്രമിക്കപ്പെട്ടത്. നെല്ലിക്കുന്ന് വലിയ ജുമാമസ്ജിദ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച് ഇടവഴിയിലൂടെ മടങ്ങുകയായിരുന്ന തന്നെ ബൈക്കിലെത്തിയ സംഘം കണ്ണിൽ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിന് സാധിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് എസ്.പിക്ക് നിവേദനവും നൽകിയിരുന്നു.