കാഞ്ഞങ്ങാട്: വന്യമൃഗങ്ങൾ വ്യാപകമായി കാടിറങ്ങുമ്പോൾ മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആളില്ലാതെ ജില്ലയിലെ വനം വന്യജീവി വിഭാഗം.
കാട്ടാനയാണ് മലയോര മേഖലയിൽ വ്യാപകമായി നാശംവിതയ്ക്കുന്നത്. പന്നി ശല്യവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. കുരങ്ങുകളെ കൊണ്ടും കർഷകർ പൊറുതിമുട്ടുന്നു. കുടിവെള്ള ക്ഷാമത്തുനും ഭക്ഷണ ക്ഷാമത്തിനും പുറമെ കാടിനുള്ളിൽ ചൂട് കൂടിയതിനാലുമാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്ന് ഫോറസ്റ്റ് ഓഫീസർ സുധീർ പറഞ്ഞു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് രാജവെമ്പാലകൾ കൂടുതലായും കാടിറങ്ങുന്നത്. ഓരോ വർഷവും ഈ പ്രവണത വർധിച്ചു വരികയാണെന്നും അദ്ദേഹം പറയുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കള്ളാർ, പനത്തടി, രാജപുരം മേഖലകളിൽ വന്യജീവി ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. 2018 - 19 വർഷത്തിൽ പനത്തടി, രാജപുരം, കള്ളാർ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ 5 തവണ രാജവെമ്പാല ഇറങ്ങിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതിലും എത്രയോ കൂടുതലാണ് അനൗദ്യോഗിക കണക്കുകളെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. പെരുമ്പാമ്പ് ഇറങ്ങിയ 61 കേസുകളും മൂർഖൻ ഇറങ്ങിയ 36 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാമ്പുപിടിക്കാൻ ഒരാൾമാത്രം
കെ.ടി സന്തോഷാണ് വനം വന്യജീവി വകുപ്പിലുള്ള ഏക പാമ്പുപിടുത്ത തൊഴിലാളി. 600 രൂപയാണ് ഇയാളുടെ ദിവസ വേതനം. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പാമ്പുപിടുത്ത തൊഴിലാളിക്കില്ല. ജില്ലയിൽ വന്യജീവികൾ നാട്ടിലിറങ്ങിയാൽ വനം വന്യജീവി വകുപ്പിന് സ്വന്തമായി ദ്രുതകർമ്മ സേന പോലുമില്ല. സർക്കാർ സേനയുടെ വാഹനമെത്തിയെങ്കിലും നേതൃത്വം നൽകേണ്ടുന്ന ഡെപ്യൂട്ടി റേഞ്ചർ തസ്തികയും ഫോറസ്റ്റ് സ്റ്റാഫും ഇതുവരെയായും എത്തിയിട്ടുമില്ല.