തളിപ്പറമ്പ്: സി.പി.എം ബക്കളം ബ്രാഞ്ച് ഓഫീസിന്റെ പത്തോളം ജനൽ ഗ്ലാസുകൾ അടിച്ച് തകർത്തു. കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷം മുകളിലേക്കുള്ള ഏണി വഴി കയറിയാണ് അക്രമം നടത്തിയത്. മടയിച്ചാലിലെ ചെഗുവേര ക്ലബ്ബും തകർത്തിട്ടുണ്ട്. നോർത്ത് ബ്രാഞ്ച്‌ സെക്രട്ടറി പി.വി സതീഷ്‌കുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ ലീഗാണെന്നാണ് സി.പി.എം ആരോപണം. ഇതിൽ പ്രതിഷേധിച്ച് ബക്കളത്ത് സി.പി.എം പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം ബക്കളം പുന്നക്കുളങ്ങരയിൽ മുസ്‌ലിം ലീഗ് ശാഖാ ഓഫീസായ പാണക്കാട് ശിഹാബ് തങ്ങൾ സ്മാരക മന്ദിരത്തിനും ലീഗ് പ്രവർത്തകൻ അഷറഫിന്റെ ചിക്കൻസ്റ്റാളിനും നേരെ ബോംബാക്രമണം നടന്നിരുന്നു. സി.ഐ എ. അനിൽകുമാർ, എസ്.ഐ കെ.കെ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.