തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് ദിവസം കീഴാറ്റൂരിലെ അക്രമത്തിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ തളിപ്പറമ്പ് പൊലീസ് പതിനൊന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലതയുടെ പരാതിയിൽ സി.പി.എം കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി ബിജുമോൻ, സുധീഷ് കുമാർ, അർജുൻ രഘുനാഥ്, അക്ഷയ് ഉണ്ണികൃഷ്ണൻ, സജിൻ ഗംഗാധരൻ, വിമൽ മാധവ് എന്നിവരെയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് പി.വി ഗീതയുടെ പരാതിയിൽ സുരേഷ് കീഴാറ്റൂർ, മകൻ സഫ്ദർ സുരേഷ്, സഹോദരൻ രതീഷ്, വയൽക്കിളി പ്രവർത്തകരായ മനോഹരൻ, ദിലീപ് എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി കീഴാറ്റൂരിൽ വയൽക്കിളി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. കീഴാറ്റൂർ ജി.എൽ.പി സ്‌കൂളിലെ ബൂത്തിൽ സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് സുരേഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. ഇതേത്തുടർന്നാണ് ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയത്.