കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് വീട്ടമ്മയുടെ മാല കവർന്ന കേസിൽ രണ്ടു സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. പയ്യന്നൂരിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് തിരുപ്പൂർ വാസനാസി പാളയത്തെ ജ്യോതി (48), ജയന്തി(43) എന്നിവരാണ് അറസ്റ്റിലായത്. കോട്ടച്ചേരി പുതിയ വളപ്പിലെ പി.വി കാർത്യായനി (65) യുടെ മൂന്നുപവൻ തൂക്കം വരുന്ന മാലയാണ് പിടിച്ചുപറിച്ചത്.
മാല പൊട്ടിച്ചതു കണ്ട് കാർത്യായനി നിലവിളിച്ചപ്പോൾ ജ്യോതിയും ജയന്തിയും ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രി പരിസരത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. ഏതാനും മാസം മുമ്പ് ഐങ്ങോത്തെ നക്ഷത്ര ഓഡിറ്റോറിയത്തിൽ ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടയിൽ തോയമ്മൽ കവ്വായിയിലെ കമലാക്ഷിയുടെ മാല കവർന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. വിദ്യാനഗർ, കാസർകോട്, ചന്തേര പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. അറസ്റ്റിലായ പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.