വെള്ളരിക്കുണ്ട്: കൊടും ചൂടിനിടെ ഇടക്കിടെ പെയ്ത വേനൽമഴ മലയോര മേഖലക്ക് ആശ്വാസമായെങ്കിലും പ്രദേശം കൊതുകുജന്യ രോഗങ്ങളുടെ ഭീഷണിയിൽ. റബർത്തോട്ടങ്ങളിലെ ചിരട്ടകളിലും കവുങ്ങും തോട്ടങ്ങളിലെ പാളകളിലും കൂത്താടികൾ നിറഞ്ഞതായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയിൽ ആരോഗ്യ വകുപ്പ് ദ്രുത കർമ്മ സേന നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൊപ്രാ ഉണക്കാനിട്ട ശേഷം വീടിന്റെ ടെറസിൽ ബാക്കിയായ ചിരട്ടകൾ, വലിച്ചുകെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകൾ, എന്നിവടങ്ങളിലും കൂത്താടി കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറത്തു. രണ്ടു ദിവസത്തിനകം കൊതുക് നശീകരണം നടത്താത്ത റബർ, കമുക് തോട്ടമുടമകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.പി പ്രിയ, ഹെൽത്ത് ഇൻസ്പക്ടർ അജിത് സി. ഫിലിപ്പ് എന്നിവർ അറിയിച്ചു.

പ്രദേശത്ത് ആശ, കുടുംബശ്രീ ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികളുടെ നേത്രത്വത്തിൽ വീടുവീടാന്തരം ഉറവിടനശീകരണ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബളാൽ പഞ്ചായത്തിൽ 300 ഓളം പേർക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു.

ഡങ്കിപ്പനി

ഈഡിസ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ഡങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിലെ വേദന, പേശീ വേദന, സന്ധിവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ശരീരത്ത് ചുവന്നു തടിച്ച പാടുകളൂം ഉണ്ടാകാം. പ്രായാധിക്യമുള്ളവർ, കുഞ്ഞുങ്ങൾ, പ്രമേഹം, രക്താതി മർദ്ദം / ഹൃദ്രോഗം, കാൻസർ രോഗമുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ സൂക്ഷിക്കണം. രക്തസ്രാവം, കറുത്ത നിറത്തിലുള്ള മലം, പ്ലേറ്റ് ലെറ്റിന്റെ എണ്ണം അസാധാരണമായി കുറയുക, തുടങ്ങിയവ അപായ സൂചനകളാണ്. വൈദ്യ പരിശോധനക്ക് വിധേയമാക്കുക, ധാരാളം വെള്ളം കുടിക്കുക വിശ്രമിക്കുക പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക തുടങ്ങിയവ ചെയ്യണം.