കൂത്തുപറമ്പ്: തൊടീക്കളം പാറാടിക്കുന്നിലെ അനധികൃത കരിങ്കൽ ക്വാറി പ്രദേശവാസികൾക്ക് പേടി സ്വപ്നമാകുന്നു. ക്വാറിയിൽ നിന്നുണ്ടാകുന്ന ശക്തമായ സ്‌ഫോടനത്തിൽ പാറാടിക്കുന്ന് ആദിവാസി കോളനിയിലെ മൂന്ന് വീടുകൾക്കാണ് കേട്പറ്റിയിട്ടുള്ളത്. പാറാടിക്കുന്ന് യു.ടി.സി. കോളനിയിൽ സർക്കാർ പതിച്ച് നൽകിയ സ്ഥലത്ത് സ്ഥാപിച്ച 12 വീടുകളാണ് അപകട ഭീഷണിയിലുള്ളത്. കരിങ്കൽ ക്വാറിയിൽ നിന്നുള്ള ശക്തമായ സ്‌ഫോടനത്തെ തുടർന്ന് പല വീടുകളുടെയും ചുവരുകളിൽ വിള്ളൽ വീണിരിക്കയാണ്. ആദിവാസി കോളനിയിലെ ഒരു വീടിന്റെ മേൽക്കൂരയും സ്‌ഫോടനത്തിൽ തകർന്നിട്ടുണ്ട്. സി.കെ. ജാനു, ബാബു എന്നിവരുടെ വീടുകൾക്കാണ് കേട് പറ്റിയിട്ടുള്ളത്. കൂറ്റൻ കരിങ്കല്ലുകൾ പുറത്തേക്ക് തെറിക്കുന്നത് കാരണം ഭയപ്പാടോടെയാണ് കോളനിവാസികൾ കഴിയുന്നത്.
രണ്ടു വർഷം മുൻപാാണ് പാറാടിക്കുന്നിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയത്. നേരത്തെ ക്വാറിക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും മാർച്ച് 31ന് ശേഷം ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് അധികൃതർ പറയുന്നത്. അതോടൊപ്പം പുറമ്പോക്ക് സ്ഥലം കൈയേറിയാണ് ക്വാറിയുടെ പ്രവർത്തനം നടക്കുന്നതെന്നും ആരോപണമുണ്ട്. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പാറാടിക്കുന്ന്, തൊടീക്കളം ഭാഗങ്ങളിൽ വെള്ളമെത്തിക്കുന്നതിന് വേണ്ടി കണ്ടെത്തിയ സ്ഥലം പോലും ക്വാറി അധികൃതർ കൈയേറിയിരിക്കയാണ്. അനധികൃത ക്വാറിയുടെ പ്രവർത്തനം ശക്തമായതോടെ നാട്ടുകാരാകെ ഭീതിയിലായിരിക്കയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് ക്വാറിക്കെതിരെ നടപടി ഉണ്ടാവുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ പറഞ്ഞു.