തൃക്കരിപ്പൂർ: അർദ്ധരാത്രിയിൽ വടക്കേ കൊവ്വലിലെ ക്വാർട്ടേഴ്സിൽ നാലംഗ സംഘം അതിക്രമിച്ചുകയറി തോക്കുചൂണ്ടി അക്രമം. നാലുപേർക്ക് പരിക്ക്.

തൃക്കരിപ്പൂർ ടൗണിലെ മൊബൈൽ ഷോപ്പ് ജീവനക്കാരും എറണാകുളം സ്വദേശി കെ.എ മാഹിൻ (20 ), മലപ്പുറം സ്വദേശി ഷംലാദ് (20), കാസർകോട് സ്വദേശികളും ജ്യൂസ് ഷോപ്പിലെ ജീവനക്കാരുമായ എം.എ മഹറൂഫ് (19 ), കെ. റഫീഖ് (25 ) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ട് മണിക്കുശേഷമാണ് അക്രമിസംഘം ഭീതി പടർത്തി തൊഴിലാളികൾ താമസിക്കുന്ന ക്വർട്ടേഴ്സിലെത്തി അഴിഞ്ഞാട്ടം നടത്തിയത്. തോക്ക് അടക്കം വിവിധ മാരകായുധങ്ങളുമായി എത്തിയ സംഘം കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. ഒരു കാരണവുമില്ലാതെയാണ് അക്രമം അഴിച്ചുവിട്ടതെന്നുമാണ് പരിക്ക് പറ്റിയ തൊഴിലാളികൾ പറയുന്നത്.

വടക്കേ കൊവ്വൽ ക്വാർട്ടേഴ്സ് പരിസരം രാത്രി വൈകിയാൽ കഞ്ചാവ് വിൽപ്പനക്കാരും ലഹരിക്ക് അടിമപ്പെട്ടവരും തമ്മിൽ കശപിശ പതിവാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. മൂന്നോളം കേസുകളിൽ പ്രതിയായ വ്യക്തിയടങ്ങുന്ന സംഘമാണ് ഇന്നലെ ക്വൈർട്ടേഴ്സ് ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.