ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത്തിലെ ചരലിൽ കാൽസ്യം കാർബൈഡ് ഇട്ട് പഴുപ്പിച്ച് വിൽപ്പനയ്‌ക്കായി സരക്ഷിച്ച ഒന്നര ക്വിന്റൽ മാങ്ങ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് അധികൃതരും ചേർന്ന് പിടികൂടി നശിപ്പിച്ചു . ചരൾ ടൗണിൽ നിന്ന് നാലു കിലോമീറ്റർ അകലെ ഓസി കുന്നിലെ പത്തേക്കർ വരുന്ന സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ ഷെഡിലാണ് നൂറ്റിയൻപതോളം പ്ലാസ്റ്റിക് ട്രേകളിലായി മാങ്ങ സൂക്ഷിച്ചിരുന്നത്. ട്രേ കളിലെല്ലാം കടലാസിൽ പൊതിഞ്ഞ നിലയിൽ കാൽസ്യം കാർബൈഡ് വെച്ചിരുന്നു.
ആരോഗ്യ വകുപ്പധികൃതർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാൽസ്യം കാർബൈഡ് കാരണമാകുമെന്ന് ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി അസികമ്മീഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു. പയ്യന്നൂർ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ഡോ .പി. ധനശ്രീ , ബിന്ദുരാജ്, അങ്ങാടിക്കടവ്, കരിക്കോട്ടക്കരി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി. വിനോജ്, ജോഷി ഫിലിപ്പ്, ബി. വിഷ്ണു, കെ. ദീപ്കുമാർ, എം.പി. ശ്രുതി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത മാങ്ങകൾ അധികൃതർ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് നശിപ്പിച്ചു. ശ്രീകണ്ഠാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മാങ്ങകൾ പിടികൂടിയ ഷെഡ്ഡ് നിർമ്മിച്ച സ്ഥലം. ഓസി കുന്നിലെ വട്ടക്കാട്ടിൽ സന്തോഷാണ് മാങ്ങ പഴുപ്പിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.