ചെറുപുഴ: പലക തകർന്നതോടെ നവീകരണം ആരംഭിച്ച പാണ്ടിക്കടവ് ചെക്ക്ഡാം പ്രവൃത്തി നിലച്ചു. കരാർ ഏറ്റെടുത്ത മലപ്പുറം ആസ്ഥാനമായ കമ്പനി പണി പാതിയിലിട്ട് മുങ്ങിയതാണ് കാരണം. ജനുവരി ആദ്യവാരം ഹിറ്റാച്ചി ഉപയോഗിച്ച് സമീപത്തെ കല്ലും മണ്ണും ഇളക്കി വെള്ളം തുറന്ന് വിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയാണ് കരാറുകാരന്റെ ക്രൂരത. ജനങ്ങൾ കുളിക്കാൻ ഉപയോഗിച്ചിരുന്ന ജല സ്രോതസ് ഇതോടെ ചെളി നിറഞ്ഞ് ഉപയോഗ ശൂന്യമായി.
നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഡിസംബറിൽ ചെക്ക്ഡാമിന് പലക ഇടുകയും ജലസേചനത്തിനും കുളിക്കാനും ഉപയോഗിക്കുകയായിരുന്നു പതിവ്. പലക തകർന്നതോടെ സി. കൃഷ്ണൻ എം.എൽ.എ ഇടപെട്ട് നവീകരണത്തിന് ഫണ്ട് അനുവദിച്ചു. ജലക്ഷാമം രൂക്ഷമാകുന്നതിന് മുൻപ് പണി തുടങ്ങുമെന്നായിരുന്നു കരാറുകാരൻ മുഹമ്മദലിയുടെ വാഗ്ദാനം.
നാട്ടുകാർ പരാതി ഉന്നയിച്ചതോടെ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം കരാറുകാരനെ ബന്ധപ്പെട്ടു. താത്കാലിക തടയണ നിർമ്മിച്ച് വെള്ളം സംഭരിക്കുമെന്നും മാർച്ച് മുപ്പതിനകം നവീകരണം പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. വേനൽ മഴ തുടങ്ങിയതോടെ മലിന ജലം നിറഞ്ഞ് ദുരിതമായിട്ടുണ്ട്. ചെറുപുഴയിൽ ഉൾപ്പെടെ പല സ്ഥലത്തും നിർമ്മാണക്കരാർ ഏറ്റെടുത്ത കരാറുകാരൻ പാണ്ടിക്കടവിലെ ചെക്ക്ഡാം നവീകരണത്തിൽ കാണിക്കുന്ന അനാസ്ഥ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേരളകൗമുദി ഇക്കാര്യം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഫോട്ടോ: ചെക്ക് ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥ
ചെക്ഡാം നിർമ്മാണം 1997ൽ
നവീകരണത്തിന് 25 ലക്ഷം രൂപ