കാസർകോട്: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. ജില്ല ചെയർമാൻ എം.സി. ഖമറുദ്ധീൻ ആവശ്യപ്പെട്ടു. ജനകീയ ജനാധിപത്യത്തെ ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്ന എൽ.ഡി.എഫ് ജനഹിതത്തെ ഭയന്നും അധികാരാസക്തിയുമാണ് അവിഹിത മാർഗത്തിലൂടെ വിജയിച്ചുകയറാൻ ശ്രമിക്കുന്നത്. യു.ഡി.എഫ്.ശക്തി കേന്ദ്രങ്ങളിൽ പ്രായമായ ഉദ്യോഗസ്ഥരെയും വനിതാ ഉദ്യോഗസ്ഥരെയും നിയമിച്ചും കേടായ മെഷീനുകൾ നൽകിയും പോളിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥ തലങ്ങളിൽ ശ്രമം നടന്നിട്ടുണ്ട്. മറുവശത്ത് ഒരു വിഭാഗം പൊലീസ് നിസാര പ്രശ്നങ്ങളിൽ പോലും യു.ഡി.എഫ്. പ്രവർത്തകരെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയാണെന്നും ഖമറുദ്ധീൻ ആരോപിച്ചു.