കാസർകോട്: കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച് എക്‌സൈസ് ബസിൽ നടത്തിയ പരിശോധനയിൽ 45 ലക്ഷം രൂപയുടെ കുഴൽപണവുമായി യുവാവ് പിടിയിലായി. നെല്ലിക്കുന്നിലെ മുഹമ്മദ് സഹീറിനെ (33)യാണ് 45,59,000 രൂപയുടെ കുഴൽപണവുമായി പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പരിശോധന. കഞ്ചാവ് കടത്തുന്നതായി ബദിയടുക്ക എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. സച്ചിദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ 5.20 മണിയോടെ ആദൂരിൽ വെച്ചാണ് ബസ് പരിശോധിച്ചത്. സഹീറിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ചെരുപ്പെന്നായിരുന്നു പറഞ്ഞത്. എന്നാൽ പരിശോധനയിൽ ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തുകയായിരുന്നു. 2000 രൂപയുടെ 1498 നോട്ടുകളും 500 രൂപയുടെ 3126 നോട്ടുകളുമാണ് പിടിച്ചെടുത്തത്.

എറണാകുളത്തെ ചെരുപ്പ് കടയിലെ ജീവനക്കാരനാണ് സഹീർ. ബംഗളൂരു അവന്യൂ റോഡിലെ ഹബീബ് റഹ്‌മാൻ എന്നയാൾ മംഗളൂരുവിലെ ഹബീബ് എന്നയാൾക്ക് നൽകാനാണ് പണം ഏൽപ്പിച്ചതെന്നും 3,000 രൂപ ഇതിനായി തനിക്ക് പ്രതിഫലം നൽകുമെന്നും ചോദ്യം ചെയ്യലിൽ സഹീർ വെളിപ്പെടുത്തി. പിടിച്ചെടുത്ത തുകയും പ്രതിയെയും എക്‌സൈസ് സംഘം പിന്നീട് ആദൂർ പൊലീസിന് കൈമാറി. സംഭവത്തിൽ ആദൂർ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. ശ്രീകാന്ത്, കെ.പി അരുൺ, വിനോദ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ഓപ്പൺ വോട്ട് കള്ളവോട്ടെന്ന് പ്രചരിപ്പിക്കുന്നത്

അവകാശം ഹനിക്കൽ: പി. കരുണാകരൻ
കാസർകോട്: ഓപ്പൺ വോട്ട് ചെയ്തത് കള്ളവോട്ടെന്ന് പറഞ്ഞ് വീഡിയോ പ്രചരിപ്പിക്കുന്നത് വോട്ടറുടെ അവകാശം ചോദ്യം ചെയ്യുന്നതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗ പി. കരുണാകരൻ എം.പി പറഞ്ഞു. ഒരാൾക്ക് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പൺ വോട്ടും ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്നുണ്ട്. ഇതാണ് പിലാത്തറയിലെ ബൂത്തിൽ നടന്നത്. ഇതിനെ കള്ളവോട്ടെന്ന് പറയുന്നത് വോട്ടർമാരെ അപമാനിക്കുന്നതാണ്. യു.ഡി.എഫ് കേന്ദ്രങ്ങളിൽ വ്യാപകമായി നടന്ന കള്ളവോട്ട് മറച്ചുവയ്ക്കാനാണ് എൽ.ഡി.എഫിനെതിരെയുള്ള കള്ളപ്രചാരണം. വിദേശത്തുള്ളവരുടെ വോട്ടുകൾ വ്യാപകമായി യു.ഡി.എഫുകാർ കള്ളവോട്ട് ചെയ്തതിന്റെ രേഖകൾ ശേഖരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ പുറത്തുവിടുമെന്നും പി. കരുണാകരൻ പറഞ്ഞു.