ശ്രീകണ്ഠപുരം: ഏരുവേശ്ശിയിലെ കള്ളവോട്ട് കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ അന്ന് പോളിംഗ് ബൂത്തിൽ ഉപയോഗിച്ച വോട്ടർ പട്ടിക പരിശോധിക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരൻ ജോസഫ് കൊട്ടുകാപ്പള്ളി കോടതിയെ സമീപിക്കുന്നു. 2014 ഏപ്രിൽ 10ന് നടന്ന തിരഞ്ഞെടുപ്പിൽ കെ.കെ.എൻ.എം.എ.യു.പി സ്‌കൂളിലെ 109ാം ബൂത്തിൽ കള്ള വോട്ട് നടന്നെന്നായിരുന്നു പരാതി. 154 കള്ളവോട്ട് ചെയ്തെന്നായിരുന്നു പരാതി. 24 പേരാണ് ഇതിനെത്തിയത്.
പ്രവാസി-ആർമി വോട്ടുകളാണ് ചെയ്തത്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പേരിൽ മാത്രമാണ് പൊലീസ് കേസെടുത്തത്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ജോസഫിന്റെ ലക്ഷ്യം.
കള്ളവോട്ടിന് തെളിവില്ലെന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. ഇതോടെ എസ്.ഐയെ അടക്കം പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകി. ഈ ഹർജിയിൽ 2016 ഫെബ്രുവരിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെമാൽപാഷ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. ഈ രേഖ ഹാജരാക്കിയപ്പോൾ പട്ടാളത്തിൽ ജോലി ചെയ്യുന്ന നാലുപേരുടെയും ഗൾഫിൽ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പെടെ 58 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തുകയായിരുന്നു.
ബി.എൽ.ഒ ഏരുവേശി മുയിപ്രയിലെ കെ.വി. അശോക് കുമാർ, പെരളശ്ശേരി മക്രേരിയിലെ വി.കെ. സജീവൻ, പാനുണ്ട എരുവാട്ടിയിലെ കെ.വി. സന്തോഷ് കുമാർ, ധർമ്മടം സ്വദേശി എ.സി സുധീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവർക്കെതിരെ മാത്രമാണ് കേസെടുത്തത്. തുടർന്ന് 2017 ജൂൺ 28ന് കുടിയാൻമല പൊലീസ് തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കുറ്റപത്രം മേയ് 10ന് തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി പ്രതികളെ വായിച്ചുകേൾപ്പിക്കും.