മട്ടന്നൂർ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വിദേശയാത്ര ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരെ എയർ ഇന്ത്യ അധികൃതർ ലഗേജിന്റെ പേരിൽ ഉപദ്രവിക്കുന്നതായി പരാതി. 20 കിലോ ബാഗേജും കയ്യിൽ 7 കിലോ ഹാൻഡ് ലഗേജും അടക്കം 27കിലോ അനുവദനീയമാണ്. എന്നാൽ ഹാൻഡ് ലഗേജ് ഇല്ലാത്തവരുടെ മെയിൻ ലഗേജിന് ഒന്നോ രണ്ടോ കിലോഗ്രാം തൂക്കം കൂടിയതിന് ലഗേജ് അഴിച്ചുമാറ്റി ഭാരം കുറക്കാൻ നിർബന്ധിക്കുകയാണ്. കാർട്ടൺ സൈസിന് യോജിച്ച വിധത്തിൽ പാക്കിംഗ് ചെയ്യുന്നതിനാൽ അഴിക്കുന്നത് വിഷമമാണെന്ന് അപേക്ഷിച്ചിട്ടും അതൊന്നും അധികൃതർ കേട്ടതായി നടിക്കുന്നില്ല. ഏപ്രിൽ 27ന് വൈകിട്ട് 6.45ന് മസ്‌ക്കറ്റിലേക്ക് പോയ നിരവധി യാത്രക്കാരെ എക്‌സ്ട്രാ ലഗേജ് ചാർജ്ജ് അടക്കാനും നിർബന്ധിച്ചു. അല്ലാത്തവർക്ക് ബാഗേജുകൾ അഴിക്കേണ്ടി വന്നു. ഇത് എയർപോർട്ടിൽ വാക്കേറ്റത്തിന് ഇടയാക്കി.