കണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ബേക്കറികളിലും തട്ടുകളിലും പൊട്ടിയ മുട്ടകളും ചീമുട്ടകളും എത്തിക്കാൻ കണ്ണൂർ കേന്ദ്രമാക്കി വൻ ലോബി പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നാണ് ഇവ കണ്ണൂരിലെത്തിക്കുന്നത്.കണ്ണൂർ ജില്ലയിലെ ചില ഗ്രാമങ്ങളിലാണ് ഇവരുടെ ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. ബേക്കറികൾക്കും തട്ടുകടകടകൾക്കും കേക്കിലും മറ്റ് പലഹാരങ്ങളിലും ഉപയോഗിക്കാൻ വേണ്ടിയാണ് ഇവ എത്തിക്കുന്നത്. മാരക രോഗത്തിനിടയാക്കുന്ന കേടായ മുട്ടകൾ ഈയിടെ കോഴിക്കോട്ട് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം കണ്ണൂർ ജില്ലയിലേക്ക് വ്യാപിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന മൊത്ത വിതരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഒരു ലോഡ് കേടായ മുട്ടയാണ് പിടികൂടിയത്. പിടിച്ചെടുത്ത മുട്ടകൾ ഉടൻ തന്നെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന പൂർത്തിയാക്കി കോഴിക്കോട് കോർപറേഷന്റെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നശിപ്പിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയാണ് ഇത്തരം മുട്ട വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നല്ല മുട്ടയുടെ മാർക്കറ്റ് വിലയുടെ പകുതി വലക്കാണ് ഈ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്ന് കേടായ മുട്ടകൾ കണ്ണൂരിലേക്ക് ഒഴുകുന്നത്. പ്രധാനമായും വൻകിട ബേക്കറികളിൽ കേക്കുകളിൽ ചേർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ തമിഴ്‌നാട്ടിൽ നിന്ന് കേടായ മുട്ടകൾ എത്തുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും
കേടായ മുട്ടകൾ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാവുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിദഗ്ധർ. പ്രോട്ടീനുകൾ ആയ മുട്ടകൾ കേടുവരുമ്പോൾ ബാക്ടീരിയകളും അണുക്കളും പെരുകും. മുട്ട കേട് കൂടാതെ സൂക്ഷിക്കുന്നത് അതിന്റെ മുകളിലുള്ള നേർത്ത ആവരണമാണ്. ഇത് നശിക്കുന്നതോടെയാണ് അണുക്കൾ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം മുട്ടകളിൽ നിന്നുണ്ടാകുന്ന സാൽമെണല്ലോ ഭക്ഷ്യ വിഷബാധ അതിമാരകമാണ്. .
കർശന നടപടി :
സി. എ. ജനാർദ്ദനൻ,അസി. കമ്മിഷണർ , ഭക്ഷ്യസുരക്ഷാ വിഭാഗം
തമിഴ്നാട് കേന്ദ്രീകരിച്ച് ചീമുട്ട എത്തിക്കാൻ വൻ ലോബി പ്രവർത്തിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടുമ്പോൾ വ്യാപാരികൾക്കും ആശ്വാസമാകും. എന്നാൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്. ഇത്തരം കേന്ദ്രങ്ങൾ റെയ്ഡ് ചെയ്ത് കണ്ടുപിടിച്ച് അവർക്കെതിരെ കർശന നടപടിയെടുക്കും.