കണ്ണൂർ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായൺ ആകാശവാണിയിലെ ഇരുപത്തിനാല് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ 'തുഷാര ബിന്ദുവിൽ സൗര മയൂഖം' എന്ന ഗാനം മകളും ഗായികയുമായ മധുശ്രീ നാരായണെ ലളിത സംഗീത പാഠം എന്ന പരിപാടിയിലൂടെ 'പഠിപ്പിച്ചിട്ടാണ് ' അദ്ദേഹം ആകാശവാണി കണ്ണൂർ നിലയത്തിന്റെ പടിയിറങ്ങുന്നത്. ശ്രോതാക്കളെ ലളിതഗാനം പഠിപ്പിക്കുന്ന ലളിത സംഗീതപാഠം എന്ന പരിപാടി വളരെ പ്രശസ്തമാണ്.
മ്യൂസിക് കമ്പോസർ ആയി 1995 ലാണ് രമേശ് കണ്ണൂർ ആകാശവാണിയിൽ പ്രവേശിച്ചത്. ഇടയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടും താമസം തിരുവനന്തപുരത്തേക്കു മാറ്റിയതിനാലും കണ്ണൂരിൽ തുടരാനാവാതെ വിട്ടു നിൽക്കേണ്ടി വന്നു.
നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജോലിക്ക് ഇടയിലും അനേകം ചലച്ചിത്രങ്ങൾക്കും രമേശ് സംഗീത സംവിധാനം നിർവഹിച്ചു. ഗർഷോം, മേഘമൽഹാർ, പരദേശി, രാത്രി മഴ, ഇടവപ്പാതി, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടി. പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രിയ ശിഷ്യനായ രമേശ് കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. സംഗീതം സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്ന തിരിച്ചറിവിൽ അദ്ദേഹം അടുത്തിടെ രൂപകല്പന ചെയ്ത 'ലോകാ സമസ്ത സുഖിനോ ഭവന്തു ' എന്ന സംഗീത ശില്പം ഏറെ ശ്രദ്ധ നേടി. സംഗീതജ്ഞയായ ഡോ. ഹേമ നാരായണാണ് രമേശ് നാരായണിന്റെ ഭാര്യ. സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഇന്ന് ആകാശവാണി കണ്ണൂർ നിലയത്തിൽ രമേശ് നാരായണിന് വിപുലമായ യാത്രഅയപ്പും ഒരുക്കിയിട്ടുണ്ട്.