camera

കാസർകോട്: കാസർകോട് മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന ആരോപണത്തെ തുടർന്ന് മണ്ഡലത്തിലെ വെബ് കാമറകൾ പരിശോധിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘം മുഖ്യതിരഞ്ഞെടുപ്പു ഓഫീസർ ടിക്കാറാം മീണയ്ക്ക് കത്ത് നൽകി. അഭിഭാഷകൻ സി.കെ. ശ്രീധരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയാണ് ടിക്കാറാം മീണയെ സന്ദർശിച്ചത്.

ബൂത്തുകളിൽ സ്ഥാപിച്ച വെബ് കാമറകൾ രാഷ്ട്രീയ പാർട്ടികൾക്ക് പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുവാദം വേണം. കള്ളവോട്ട് നടക്കാൻ സാദ്ധ്യതയുള്ള കുറെയേറെ ബൂത്തുകളിലെ വെബ്കാമറ ദൃശ്യങ്ങൾ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ സംഘടിപ്പിച്ചിരുന്നു. വെബ് കാമറ ഓപ്പറേറ്റർമാരിൽ നിന്നാണ് ഇതിന്റെ പകർപ്പുകൾ എടുത്തത്. കള്ളവോട്ട് ചെയ്തതിനെ നിയമപരമായി നേരിടുകയെന്ന ലക്ഷ്യവും കാമറ ദൃശ്യങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട്. കാസർകോട് മണ്ഡലത്തിലെ ചെറുവത്തൂർ അമ്മിഞ്ഞിക്കോട് ബൂത്തിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ സഹിതം ഇന്നലെ കാസർകോട് കളക്ടർക്ക് യു.ഡി.എഫ് ബൂത്ത് ഏജന്റ് പരാതി നൽകി.