investigation

കാസർകോട്: ഐസിസിൽ ചേരാൻ മലബാറിൽ നിന്ന് നാടുവിട്ട 21 അംഗ സംഘം ശ്രീലങ്കയിൽ മാസങ്ങളോളം തങ്ങി മതപഠനം നടത്തിയ ശേഷമാണ് അഫ്ഗാനിലും സിറിയയിലും എത്തിയതെന്ന് സംസ്ഥാന രഹസ്യാനേഷണ വിഭാഗവും എൻ.ഐ.എയും കണ്ടെത്തി.

കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവരാണിവർ. ശ്രീലങ്കയിൽ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു മതപഠനം. ശ്രീലങ്കയിൽ മതപഠനം പൂർത്തീകരിച്ച് യെമൻ വഴിയാണ് സംഘത്തെ കയറ്റിവിട്ടത്. ഐസിസിൽ ആകൃഷ്ടരായ മലയാളികൾക്ക് സുരക്ഷിതമായ ഇടത്താവളവുമായിരുന്നു ശ്രീലങ്ക. വിസ രജിസ്‌ട്രേഷനും പരിശോധനയും ഇല്ലാതെ അഫ്ഗാനിലും സിറിയയിലും എത്തിക്കും.

തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശിയും ആയിറ്റി പീസ് സ്‌കൂളിലെ മുൻ ജീവനക്കാരനുമായ അബ്ദുൾ റാഷിദ് അബ്ദുള്ളയാണ് 21 പേരെ ഐസിസിൽ ചേർക്കുന്നതിന് നാല് വർഷം മുമ്പ് ശ്രീലങ്കയിൽ എത്തിച്ചത്. ശ്രീലങ്കയിൽ സ്ഫോടന പരമ്പര തീർത്ത നാഷണൽ തൗഹീദ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ശേഷമാണ് സംഘം അഫ്ഗാനിലേക്ക് പോയത്. അബ്ദുൾ റാഷിദ് ആയിരുന്നു റിക്രൂട്ടിംഗ് സംഘത്തിന്റെ തലവൻ. പീസ് സ്‌കൂളിൽ വച്ചും ഇയാളുടെ ഉടുമ്പുന്തലയിലെ വീട്ടിൽ വച്ചും പടന്നയിലെ രഹസ്യകേന്ദ്രത്തിൽ വച്ചും മതപഠനം നൽകിയിരുന്നു. പടന്നയിലെ അസ്‌ഫാഖ് മജീദ് ഇയാളുടെ പ്രധാന കൂട്ടാളിയായിരുന്നു. ഇരുവരും ഇപ്പോൾ കാബൂളിൽ ഉണ്ടെന്നാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം.

നേതൃത്വം ദമ്പതികൾക്ക്

കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അബ്ദുൾ റാഷിദും ഇയാളുടെ ഭാര്യ എറണാകുളം സ്വദേശി സോണി സെബാസ്റ്റ്യനുമാണ്. വടക്കൻ കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള ആളുകളുമായി ഇവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മതവിശ്വാസികൾ മാത്രം ഉൾപ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പ് മുഖേനയും ടെലിഗ്രാഫ് മുഖേനയുമാണ് സന്ദേശം കൈമാറുന്നത്.