കാഞ്ഞങ്ങാട്: ന്യൂനമർദ്ദത്തെ തുടർന്നു ഏപ്രിൽ 28 മുതൽ 30 വരെ ബോട്ടുകളും മത്സ്യബന്ധന യാനങ്ങളുമടക്കം കടലിൽ ഇറക്കരുതെന്ന നിർദ്ദേശം ലംഘിച്ചു മത്സ്യബന്ധനത്തിനുപോയ 15 ബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടു തിരിച്ചു വരവെ തിങ്കളാഴ്ച പുലർച്ചെയാണ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി.വി സതീശന്റെ നേതൃത്വത്തിൽ ബോട്ടുകളും മറ്റു രേഖകളും പിടിച്ചെടുത്തത്. തുടർന്ന് ഇവരോട് ഫിഷറീസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.

സംഘത്തിൽ രാഘവൻ, റിസ്‌ക്യു ബോട്ട് ജീവനക്കാരായ മനു, ധനീഷ്, നാരായണൻ, കണ്ണൻ എന്നിവരും ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെയും ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്നു. 51 ബോട്ടുകളാണ് അഴിത്തലയിൽ നിന്നും പുറംകടലിലേക്ക് മത്സ്യബന്ധനത്തിനു പോയത്. ഫിഷറീസും പൊലീസും ശക്തമായ മുന്നറിയിപ്പു നൽകിയിട്ടും അതൊക്കെ അവഗണിച്ചാണ് തൊഴിലാളികൾ കടലിലിറങ്ങിയത്. ഇവർ മീൻ പിടിച്ച് മീനാപ്പീസ് കടപ്പുറത്താണ് തിരികെയെത്തിയത്. മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകാതിരുന്ന മത്സ്യത്തൊഴിലാളികളും പോയി തിരിച്ചുവന്നവരും തമ്മിൽ ഏറെ നേരം വാക്കേറ്റവുമുണ്ടായിരുന്നു. പൊലീസെത്തിയാണ് ഇരു വിഭാഗത്തെയും മാറ്റിയത്. തുടർന്നു നടന്ന ചർച്ചയിൽ മത്സ്യവുമായി വന്ന ബോട്ടുകൾ അഴിത്തലയിലേക്ക് പോകാൻ ധാരണയായി. ഒപ്പം മുന്നറിയിപ്പ് അതേപടി അനുസരിക്കാനും നിർദ്ദേശമുണ്ടായി. ഇതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ഇന്നലെയും ബോട്ടുകളും മറ്റും മത്സ്യബന്ധനത്തിനിറങ്ങിയത്..