കാസർകോട്: പൊതുസ്ഥലത്തുവെച്ച് പരസ്യമായി ചുംബിക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം. മർദ്ദനത്തിനിടെ ഒാവുചാലിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് യുവാവിന്റെ കൈയ്യെല്ല് പൊട്ടി. നീലേശ്വരത്തെ ബോധി ബുക്സ് ഉടമ കിഴക്കൻകൊഴുവലിലെ രമേശനാണ് (48) മർദ്ദനത്തിനിരയായത്.
നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്നും മന്ദംപുറത്ത് കാവിലേക്ക് പോകുന്ന ഇടവഴിയിലാണ് സംഭവം. ഉച്ചയ്ക്ക് രമേശൻ വീട്ടിലേക്ക് നടന്നു പോകുമ്പോൾ ഇടവഴിയിൽ വെച്ചാണ് രണ്ട് യുവാക്കളും രണ്ട് പെൺകുട്ടികളും പരസ്യമായി ചുംബിക്കുന്നത് കണ്ടത്. എന്നാൽ പൊതുവഴിയിൽ വെച്ച് ഇത് ശരിയല്ലെന്ന് പറഞ്ഞ് ചോദ്യം ചെയ്ത രമേശനെ കമിതാക്കൾ ക്രൂരമായി മർദിക്കുകയും ഓവുചാലിലേക്ക് തള്ളിയിടുകയുമായിരുന്നു.
രമേശന്റെ നിലവിളി കേട്ട് പരിസരവാസികൾ എത്തമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. കൈയ്യെല്ല് പൊട്ടിയ രമേശൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികളെ തിരിച്ചറിയാനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ റസിഡൻസ് അസോസിയേഷൻ പരിശോധിച്ചുവരികയാണ്. മന്ദംപുറത്തുകാവിലുള്ള ഇടവഴിയിൽ പതിവായുള്ള കമിതാക്കളുടെ പ്രണയസല്ലാപം യാത്രക്കാർക്ക് ശല്യമാകുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകാനും നടവഴിയരികിലെ വീടുകളിൽ സിസി ക്യാമറകൾ സ്ഥാപിക്കാനും കിഴക്കൻകൊഴുവൽ റസിഡൻസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.