കാസർകോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. വീട്ടിൽ സൂക്ഷിച്ച സ്വർണ്ണാഭരണം കവർച്ച നടത്തുന്നതിനായി പുലിയന്നൂരിലെ കൃഷ്ണന്റെ ഭാര്യ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിൽ ആണ് ജില്ലാ സെഷൻസ് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. വി.വി വിശാഖ്, റനീഷ്, അരുൺ കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. തുടർ കോടതി നടപടികൾക്കായി കേസ് ജൂൺ 3-ലേക്ക് മാറ്റി. 2017 ഡിസംബർ 13നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പൊലീസ് സർജ്ജൻ ഡോ. ഗോപാലകൃഷ്ണ പിള്ള അടക്കം 154 സാക്ഷികളാണ് കേസിൽ ഉള്ളത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.വി. ജയരാജൻ ഹാജരായി. ഈ കേസിലെ ഒരു പ്രതി അരുൺകുമാറാണ് കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ ജീവനക്കാർക്ക് മയക്കുപൊടി കലർത്തി നൽകി ജയിൽ ചാടാൻ ശ്രമിച്ചത്.