തൃക്കരിപ്പൂർ: ഇസ്മായിൽ അപ്പാട്ടില്ലത്തിനിത് ഉറവ വറ്റാത്ത സേവനത്തിന്റെ നിയോഗം. തൃക്കരിപ്പൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ സൗജന്യമായി ശുദ്ധജലം വിതരണം ചെയ്യുകയാണ് ഈ മനുഷ്യസ്നേഹി.
പൂവളപ്പ്, വൾവക്കാട് തുടങ്ങിയ ശുദ്ധജല വിതരണം താറുമാറായി കിടക്കുന്ന സ്ഥലങ്ങളിലാണ് ഇസ്മായിൽ ജലവിതരണം സ്വയം ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. എല്ലാത്തിനും പ്രതിഫലം വാങ്ങി മാത്രം ഇടപെടുന്ന വർത്തമാനകാലത്ത് ഇസ്മായിൽ ഹാജിയുടേത് വേറിട്ട അനുഭവമായി മാറുകയാണ് പ്രദേശവാസികൾക്ക്.
വെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുന്നത് ശ്രദ്ധയിൽപ്പെട്ട ഈ മുൻ പ്രവാസി സുഹൃത്തുകളുമായി വിഷയം പങ്കുവെച്ചപ്പോഴാണ് സൗജന്യ കുടിവെള്ള വിതരണത്തിന്റെ പദ്ധതി ഒരുങ്ങിയത്. യു.പി. അബ്ദുൾ റഹിമാൻ ഹാജിയെന്ന സാമൂഹ്യപ്രവർത്തകൻ വാഹനവും ഡീസലും നൽകിയപ്പോൾ മൈതാനിയിലും ഒളവറയിലുമുള്ള സ്വന്തം കിണറുകളിൽ നിന്ന് വെള്ളം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു തുടങ്ങി. 43 വർഷക്കാലം ദുബായിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ച ഈ മനുഷ്യ സ്റ്റേഹി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തീരദേശ വാസികൾക്ക് പ്രിയങ്കരനായി. കുടിവെള്ളത്തിനായി സർക്കാർ വാതിൽ മുട്ടി തളർന്ന സാധാരണക്കാർ ഇസ്മായിൽ ഹാജിയുടെ സേവനത്തിന് മുന്നിൽ കൈകൂപ്പുകയാണ്. ഭാര്യ ആയിഷയുടെയും മക്കളായ സുബൈദ, സുഹൈല, അനീഷ എന്നിവരുടെയും സഹകരണത്തോടെയാണ് ഇസ്മയിൽ സൗജന്യ ജലവിതരണം നടത്തി വരുന്നത്.