ഉദുമ: മഴയും വെയിലും കൊള്ളാതെ കിടന്നുറങ്ങാൻ ഒരു കൊച്ചുവീടെന്ന മഞ്ചമ്മയുടെ സ്വപ്നം പൂവണിയുമോ. 60 വയസ്സുള്ള മഞ്ചമ്മയ്ക്ക് സ്വന്തബന്ധങ്ങളില്ല, ഒരു തുണ്ടു ഭൂമിയില്ല, കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള വീടില്ല, ശാരീരികാസ്വാസ്ഥ്യങ്ങൾ കാരണം ജോലിക്കും പോകാനാവുന്നില്ല. പട്ടിണിയും പരിവട്ടവുമായി ദിവസങ്ങൾ എണ്ണിക്കഴിയുന്ന ഇവരുടെ ഏക വരുമാന മാർഗം സർക്കാർ നൽകുന്ന വിധവാ പെൻഷനാണ്.
വർഷങ്ങൾക്ക് മുമ്പ് ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും കുടിയേറിപാർത്ത തമിഴ് സംഘങ്ങളിൽ ഏതാനും കുടുംബങ്ങൾ ഉദുമ പാക്യാരയിലെ ദൊഡ്ഡി കോളനിയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരിൽ രാമസ്വാമി ലക്ഷ്മി ദമ്പതികളുടെ ഏകമകളായിരുന്നു മഞ്ചമ്മ. മരിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ നാട്ടുകാരനായ രങ്കസ്വാമിക്ക് മകളെ വിവാഹം കഴിച്ച് നൽകി. പാരമ്പര്യമായി പരിശീലിച്ച പൊന്നരിപ്പായിരുന്നു രങ്കസ്വാമിക്ക് ജോലി. 12 വർഷങ്ങൾക്ക് മുമ്പ് ഭർത്താവും മരിച്ചു. മക്കളില്ലാത്ത മഞ്ചമ്മ ഇന്ന് തനിച്ചാണ്. മൺകട്ടയിൽ തീർത്ത മേൽക്കൂരയില്ലാത്ത കുടിലിൽ കൂട്ടിന് രോഗങ്ങളും ഇഴ ജന്തുക്കളും.
ഗ്രാമ പഞ്ചായത്തിന്റെ കൈവശ ഭൂമിയിൽ വർഷങ്ങളായി താമസിച്ചു വരുന്ന വിധവയും രോഗിയുമായ ഈ സ്ത്രീക്ക് താമസ യോഗ്യമായ വീട് നിർമ്മിച്ചു നൽകുന്നതിനായി തടസ്സമായി നിൽക്കുന്നത് സ്വന്തമായി ഭൂമി ഇല്ലാത്തതാണ്. 2 സെന്റ് ഭൂമി പട്ടയമായി നൽകുന്നതിനാവശ്യമായ നടപടികൾ ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ ജനപ്രതിനിധികൾക്കും ജില്ലാ ഭരണകൂടത്തിനും അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയെങ്കിലും ഇതിനൊരറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മഞ്ചമ്മ.
യാത്രയയപ്പ്
ചെറുവത്തൂർ: 30 വർഷത്തെ സേവനത്തിനു ശേഷം പിലിക്കോട് സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് സിക്രട്ടറി വി.പി.വി. ഭവദാസനും അപ്രൈസർ കരിമ്പൻ വെങ്ങരയ്ക്കും യാത്രയയപ്പ് നൽകി. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് റജിസ്ട്രാർമാരായ മുഹമ്മദ് നൗഷാദ്, വി. ചന്ദ്രൻ ,യൂനിറ്റ് ഇൻസ്‌പെക്ടർ ജ്യോതികുമാർ, പി. ദാമോദരൻ, എം.കെ. കുഞ്ഞികൃഷ്ണൻ, പി.പി. ദാമോദരൻ, സി. കൃഷ്ണൻ നായർ, പി.വി. ഭാസ്‌കരൻ സംസാരിച്ചു. കെ.വി. ദാമോദരൻ സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു.
പ്രതിഷേധിച്ചു
തൃക്കരിപ്പൂർ: തയ്യിൽ സൗത്ത് കടപ്പുറം ജി.എൽ.പി സ്‌കൂൾ പ്രഥമാധ്യാപകൻ ലക്ഷ്മണൻ പുളുക്കൂലിനെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ ഇടയിലെക്കാട്ടിലെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ ചെറുവത്തൂർ ഉപജില്ലാ ഹെഡ്മാസ്റ്റർ ഫോറം പ്രതിഷേധിച്ചു. അക്രമിയെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ അധ്യക്ഷനായിരുന്നു. കൺവീനർ എം.പി രാഘവൻ സ്വാഗതം പറഞ്ഞു.