കാസർകോട് : പിലാത്തറയിൽ കള്ളവോട്ട് നടന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സ്ഥിരീകരിച്ചത് സി. പി. എമ്മിന് തിരിച്ചടിയായി. ഓപ്പൺ വോട്ടാണ് നടന്നതെന്ന സി. പി. എം വാദം തള്ളിയതോടെ അതിൽ പിടിച്ചു നിൽക്കാനുള്ള എൽ. ഡി. നീക്കവും പൊളിഞ്ഞു പോയി. ഓപ്പൺ വോട്ടാണ് പിലാത്തറയിൽ നടന്നതെന്ന് സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജനും യഥാർത്ഥ വോട്ട് ചെയ്തവരെ അവഹേളിക്കുകയാണ് കോൺഗ്രസ് എന്ന് പി. കരുണാകരൻ എം. പിയും പറഞ്ഞിരുന്നു.ആക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വോട്ട് ചെയ്തവരും സി. പി .എം. നേതാക്കളും പറയുകയുണ്ടായി. കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പർ രാജിവച്ച് അന്വേഷണം നേരിടണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞത് സി. പി. എമ്മിന് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്നും ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്. സി.പി.എം പഞ്ചായത്തംഗം സലീന, മുൻ പഞ്ചായത്ത് അംഗങ്ങളായ സുമയ്യ, പദ്മിനി എന്നിവർക്കെതിരെയാവും കേസെടുക്കുക. നിലവിൽ പഞ്ചായത്തംഗമായ സലീന വോട്ടുചെയ്തത് സ്വന്തം ബൂത്തിലല്ല. അവർക്ക് പഞ്ചായത്തംഗത്വം രാജിവച്ച് അന്വേഷണം നേരിടേണ്ടിവരും. പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായെന്ന പരാതിയിൽ കളക്ടർ അന്വേഷണം നടത്തും.
യു.ഡി.എഫിന്റെ പോളിംഗ് ഏജന്റ് രാവിലെ വന്നുവെങ്കിലും 11 മണിക്ക് അവിടെനിന്ന് പോയി. അതിനാൽ അവിടെ യു.ഡി.എഫ് ഏജന്റ് ഇല്ലായിരുന്നുവെന്നാണ് പ്രിസൈഡിംഗ് ഓഫീസർ നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ അവസാന മണിക്കൂറുകളിലെ തിരക്കിനിടെ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥർ പറയുന്നത്.ഗുരുതരമായ കൃത്യവിലോപമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. അവർക്കെതിരെ വിശദമായി അന്വേഷണം നടത്തും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകി. കള്ളവോട്ട് കണ്ടെത്തനായത് വെബ് കാസ്റ്റിംഗിന്റെ വിജയമാണ്. വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നില്ലെങ്കിൽ കള്ളവോട്ട് കണ്ടെത്താൻ കഴിയില്ലായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭിപ്രായപ്പെടുന്നു
കാസർകോട് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് യു. ഡി .എഫും സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനും ആരോപച്ചിരുന്നു. കള്ളവോട്ട് ചെയ്തത് കൊണ്ടാണ് ഈ മണ്ഡലത്തിൽ സി. പി. എം. കാലങ്ങളായി ജയിക്കുന്നത് എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. ഓരോ ബൂത്തിലും നൂറും അമ്പതും വീതം കള്ളവോട്ട് സി. പി. എം ചെയ്തിട്ടുണ്ട്. അരലക്ഷം വോട്ട് ഈ രീതിയിൽ സി. പി. എം ചെയ്തിട്ടുണ്ടെന്നാണ് യു. ഡി. എഫിന്റെ ആരോപണം. കള്ളവോട്ട് കണ്ടെത്തിയ ബൂത്തുകളിൽ എല്ലാം റീപോളിംഗ് നടത്തണമെന്നും സ്ഥാനാർത്ഥിയും യു. ഡി. എഫും ആവശ്യപ്പെടുന്നുണ്ട് . അതേസമയം ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് എൽ. ഡി. എഫ് സ്ഥാനാർത്ഥി കെ. പി. സതീഷ് ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.