കാസർകോട്: ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ 48 ാം നമ്പർ ബൂത്തിൽ ഒരു വ്യക്തി രണ്ടുതവണ വോട്ട് ചെയ്‌തെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു. ബൂത്തിൽ വെബ് കാസ്റ്റിംഗ് നടത്തിയ അക്ഷയ സംരംഭകൻ ജിതേഷ്, പ്രിസൈഡിംഗ് ഓഫീസർ ബി.കെ. ജയന്തി, ഒന്നാം പോളിംഗ് ഓഫീസർ എം. ഉണ്ണികൃഷ്ണൻ, രണ്ടാം പോളിംഗ് ഓഫീസർ സി.ബി രത്നാവതി, മൂന്നാം പോളിംഗ് ഓഫീസർ പി. വിറ്റൽദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്ടറൽ ഓഫീസറുമായ എ.വി. സന്തോഷ്, ബി.എൽ.ഒ ടി.വി ഭാസകരൻ എന്നിവരുടെ മൊഴിയെടുത്തു. രണ്ട് തവണ ബൂത്തിൽ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിന് സി.ആർ.പി.സി 33 വകുപ്പനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകുന്നതിനും നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.