കണ്ണൂർ: മുസ്ളിംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കാസർകോട്, കണ്ണൂർ ജില്ലാ കളക്ടർമാരോട് ഉടൻ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ പെട്ട കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടിയിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്.
പുതിയങ്ങാടിയിലെ അറുപത്തി ഒൻപതാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദ് ഫായിസ് അവിടെയും എഴുപതാം നമ്പർ ബൂത്തിലും വോട്ട് ചെയ്ത ദൃശ്യമാണ് പുറത്തായത്. അറുപത്തി ഒൻപതാം നമ്പർ ബൂത്തിലെ വോട്ടറായ ആഷിഖ് അതേ ബൂത്തിൽ സ്വന്തം വോട്ടിനു പുറമേ കള്ളവോട്ട് ചെയ്ത ദൃശ്യവും പുറത്തായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി. വിനോദാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
ഉദുമ മണ്ഡലത്തിലെ 124, 125, 126 നമ്പർ ബൂത്തുകളിൽ ലീഗ് നേതാക്കളുടെ അറിവോടെ കള്ളവോട്ട് നടന്നു, ഗൾഫിലുള്ളവരുടെ വോട്ടുകൾ രേഖപ്പെടുത്തി, ബൂത്ത് ഏജന്റ് ചലഞ്ച് ചെയ്തിട്ടും പ്രിസൈഡിംഗ് ഓഫീസർ കണ്ടില്ലെന്ന് നടിച്ചു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.
കള്ളവോട്ട് നടന്നുവെന്ന് സംശയമുള്ള 110 ബൂത്തുകളിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് ജില്ലാ കളക്ടർക്ക് നേരത്തേ പരാതി നൽകിയിരുന്നു.