kodiyeri-balakrishnan

കണ്ണൂർ : ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ യു.ഡി.എഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പഞ്ചായത്ത് അംഗമുൾപ്പെടെയുള്ളവർ കള്ളവോട്ടു ചെയ്‌തെന്ന് പറഞ്ഞ മീണ ആരോപണവിധേയരുടെ ഭാഗം കേട്ടില്ല. കാസർകോട്ടെ ബൂത്തിൽ കള്ളവോട്ടു നടന്നെന്നത് യു.ഡി.എഫിന്റെ പ്രചാരണമാണ്. മാദ്ധ്യമങ്ങളും ചീഫ് ഇലക്ടറൽ ഓഫീസറും അതിൽ വീണുപോയി. മാദ്ധ്യമ വിചാരണയ്ക്കനുസരിച്ചല്ല ചീഫ് ഇലക്ടറൽ ഓഫീസർ തീരുമാനമെടുക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

പഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്പിക്കാനുള്ള അധികാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗമായ ചീഫ് ഇലക്ടറൽ ഓഫീസർക്കില്ല. അതിന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ഇതു നിയമപരമായി ചോദ്യം ചെയ്യും. ഒരു പരിശോധനയ്ക്കും സി.പി.എം എതിരല്ല. എന്നാൽ പരിശോധന ഏകപക്ഷീയമാവരുതെന്ന് കോടിയേരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും മാദ്ധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചു.