തലശ്ശേരി : കതിരൂർ പൊന്ന്യം ബാങ്ക് കവർച്ചാക്കേസിൽ തലശ്ശേരി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ തമിഴ്‌നാട് തിരുട്ടു ഗ്രാമവാസികളായ അഞ്ചോളം കവർച്ചക്കാരെ പിടികൂടാൻ ക്രൈംബ്രാഞ്ച് നെട്ടോട്ടത്തിൽ .ചിന്നമുരുകൻ എന്ന കരാട്ടെ മുരുകൻ, തങ്കരാജ്, അഞ്ചാം പുളി, രാമസ്വാമി എന്നിവരാണ് രക്ഷപ്പെട്ടത്. പ്രമാദമായ പൊന്ന്യം ബാങ്ക് കവർച്ചാ ക്കേസിൽ 12 പ്രതികളാണുള്ളത്. ഇതിൽ ഗണേശ് എന്ന ഗണേശൻ, ധനപാൽ എന്നിവർ മരിച്ചു.ശേഷിച്ച 6 പ്രതികൾ വിചാരണ വേളയിൽ ഹാജരാവുന്നുണ്ട്.
പത്ത് വർഷം മുൻപ് 2008 ഒക്ടോബർ 3ന് അർദ്ധരാത്രിയിലായിരുന്നു കതിരൂർ പൊന്ന്യം സഹകരണ ബാങ്കിന്റെ പൊന്ന്യം പാലത്തിനടുത്ത ഹെഡാഫീസിൽ ആസൂത്രിത കവർച്ച നടന്നത്. 160 പാക്കറ്റുകളിലായി അടക്കം ചെയ്ത് സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ച ഇരുപത്തിനാലര കിലോ തൂക്കം വരുന്ന പണയ പണ്ടങ്ങളാണ് നഷ്ടപ്പെട്ടിരുന്നത് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം എ.ഡി.പി.ജി. ജംഗ്പങ്കി ഉൾപെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ മുൻകൈയെടുത്താണ് അന്വേഷണം നടന്നത്. മുഴുവൻ പ്രതികളെയും പിടികൂടാനാവാത്തതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് 11 പ്രതികളെ പിടികൂടി തലശ്ശേരി എ.സി.ജെ.എം.കോടതിയിൽ കുറ്റപത്രം നൽകുകയായിരുന്നു.കുറ്റപത്രസമർപ്പണം വൈകിയതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത് .കണ്ണൂരിലെ പ്രഗത്ഭ അഭിഭാഷകരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. നഷ്ടപ്പെട്ടതിൽ നാലര കിലോ സ്വർണ്ണാഭരണങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായുള്ളൂ