പയ്യന്നൂർ: പയ്യന്നൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ അമ്പതോളം ബൂത്തുകളിൽ യു.ഡി.എഫ് ഏജന്റുമാരെ ഇരിക്കാൻ അനുവദിക്കാതെയും ഇരുന്ന ഏജന്റുമാരെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ച് ബൂത്തിൽ നിന്നിറക്കി വിട്ടും സി.പി.എം പ്രവർത്തകർ വ്യാപകമായ നിലയിൽ കളളവോട്ട് ചെയ്തെന്ന് യു.ഡി.എഫ് . ഇതുമൂലം ചില സ്ഥലങ്ങളിൽ 90 മുതൽ 96 ശതമാനം വരെ പോളിംഗ് രേഖപ്പെടുത്തിയെന്ന് കാട്ടി പയ്യന്നൂർ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി
സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
പല സ്ഥലങ്ങളിലും ഒരേ ആളുകൾ തന്നെ വസ്ത്രം പോലും മാറാതെ നിരവധി തവണ വോട്ട് ചെയ്തതായും ബൂത്തുകളിലെത്തിയ യഥാർത്ഥ വോട്ടർമാർ വോട്ടു ചെയ്യാൻ സാധിക്കാതെ മടങ്ങേണ്ടി വന്നതായും ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കരിവെള്ളൂർ, കാങ്കോൽ ആലപ്പടമ്പ , പെരിങ്ങോം വയക്കര, രാമന്തളി,
എരമം കുറ്റൂർ പഞ്ചായത്തുകളിലും പയ്യന്നൂർ നഗരസഭയിലെയും ചില ബൂത്തുകളിൽ ഇത്തരത്തിൽ കള്ള വോട്ടുകൾ ചെയ്തിട്ടുണ്ടെന്നും പോളിംഗ് ഉദ്യോഗസ്ഥന്മാർ ഇത്തരത്തിൽ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയിലുണ്ട്.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കള്ളവോട്ട് ചെയ്തവർക്കെതിരേയും കള്ള വോട്ടിന് ഒത്താശ ചെയ്ത എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാർക്കതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാർക്കെതിരെയും നടപടിക സ്വീകരിക്കണമെന്നും ഇവിടങ്ങളിൽ റീ പോളിംഗ് നടത്താൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.