കാഞ്ഞങ്ങാട്: നഗരത്തെ ക്ലീൻ സിറ്റിയാക്കാൻ അധികൃതർ പെടാപ്പാടു പെടുമ്പോൾ നഗരത്തിൽ മറ്റൊരിടത്ത് വൻതോതിൽ മാലിന്യം കൂട്ടിയിടുന്നു. നിർദ്ദിഷ്ട കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തിനു സമീപത്താണ് സ്വകാര്യ സ്ഥാപനത്തിന്റെ മാലിന്യങ്ങൾ തള്ളിയത്. തള്ളിയ സമയത്തു തന്നെ എടുത്തുമാറ്റാൻ സ്ഥാപനം അധികാരികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും അവിടെത്തന്നെ കിടക്കുകയാണ്.

മാലിന്യങ്ങൾ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവർത്തന സമയത്തു തന്നെ മാറ്റിത്തരുവാൻ ബന്ധപ്പെട്ടവരോട് കമ്പനി ആവശ്യപ്പെട്ട് ഒരു വർഷത്തിലേറെ ആയെങ്കിലും ഇതേവരെ തൽസ്ഥാനത്തു തന്നെ തുടരുകയാണ്. ഇതാകട്ടെ മേൽപാലത്തിന്റെ അപ്രോച്ചു റോഡു നിർമ്മാണത്തിനും തടസ്സമാവുകയാണ്. റോഡ് നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. പാലം പണിയാൻ ഏറ്റെടുത്തസ്ഥലത്ത് മാലിന്യങ്ങൾ കുഴിച്ചിട്ടാൽ കാലക്രമേണ ഈ ഭാഗം താഴ്ന്നുപോകാൻ സാധ്യത ഉള്ളതും വിലങ്ങുതടിയാണ്.