കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ പുതുതായി വാങ്ങുന്ന കാറിനെ ചൊല്ലി യോഗത്തിൽ വാക്കേറ്റം..കാർ വാങ്ങാൻ ശുപാർശ ചെയ്യുന്ന അജൻഡ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് വന്നപ്പോഴാണ് വിവാദങ്ങൾക്ക് തുടക്കമായത്. രണ്ടു കാറുകൾ വാങ്ങുന്നതിന് കൗൺസിൽ യോഗം മുൻപ് തീരുമാനിച്ചതാണ്. ഒരു കാർ മാത്രമാണ് എത്തിയത്. വീണ്ടും കാർ വാങ്ങുന്ന വിഷയം എന്തിനാണ് അജൻഡയിൽ ഉൾപ്പെടുത്തിയതെന്ന് പ്രതിപക്ഷം ചോദിച്ചപ്പോൾ രണ്ടാമത്തെ കാർ വാങ്ങണമെന്നായിരുന്നു ഭരണ പക്ഷത്തിന്റെ വാദം.
രണ്ടു കാർ വാങ്ങാൻ തീരുമാനിച്ചതാണല്ലോ എന്ന ചോദ്യത്തിനു മറുപടി പറയാനും ഭരണപക്ഷത്തിനായില്ല. മറുപടി പറയാതെ അജൻഡ പാസാക്കിയതായി മേയർ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം എതിർപ്പുന്നയിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. ടി.ഒ മോഹനൻ, സി. സമീർ, എം.പി മുഹമ്മദ്അലി, പി. ഇന്ദിര തുടങ്ങിയവർ
അഡീഷനൽ സെക്രട്ടറി സജീവനോട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭരണപക്ഷത്തെ വെള്ളോറ രാജനാണ് ഇതിന് തയ്യാറായത്. ഇതിനിടെ സെക്രട്ടറി നീണ്ട അവധിയെടുത്ത് പോയതും ഡപ്യൂട്ടി മേയർ പി.കെ രാഗേഷ് യോഗത്തിൽ പങ്കെടുക്കാത്ത വിഷയവും വന്നതോടെ യോഗം ബഹളമായി. ഡപ്യൂട്ടി മേയർക്ക് കൂടി വേണ്ടിയാണ് രണ്ടു കാർ വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ ആ കാർ വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ തീരുമാനമെടുക്കാത്തതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിട്ടു നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.
28ലക്ഷം രൂപ മതിപ്പ് വിലവരുന്ന ഇന്നോവ ക്രിസ്റ്റ കാറാണ് കോർപറേഷൻ വാങ്ങിയത്. വാഹനം വാങ്ങാൻ കോർപറേഷന് പത്തുലക്ഷം രൂപവരെ ചെലവഴിക്കാനെഅനുമതിയുള്ളു. കൂടിയ തുകക്ക് സർക്കാർ അനുമതി തേടണം. ആറുവർഷം മുൻപ് എം.സി ശ്രീജ നഗരസഭ ചെയർപേഴ്‌സനായിരിക്കെ എട്ടുലക്ഷം രൂപയ്ക്കു വാങ്ങിയ എസ്.എക്‌സ് ഫോർ മാരുതി കാറിലാണ് നിലവിൽ മേയർ യാത്ര ചെയ്യുന്നത്.
പുതിയ കാർ ഡപ്യൂട്ടി മേയർക്ക് അനുവദിക്കണമെന്നാവശ്യവും അണിയറയിലുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ചയായിട്ടുണ്ട്. ഈ യോഗത്തിൽ നിന്നും ഡപ്യൂട്ടി മേയർ വിട്ട് നിന്നിരുന്നു. ഇതും ഇന്നലെ കൗൺസിൽ യോഗത്തിൽ ചർച്ചയായി. എറമുള്ളാൻ, രഞ്ചിത്ത് താളിക്കാവ്, എം. ഷഫീഖ്, പ്രകാശൻ , സി. സീനത്ത്, ഷാഹിനമൊയ്തീൻ, കെ.പി.എ സലീം. ബാലകൃഷ്ണൻ, ടി. രവീന്ദ്രൻ എന്നിവരാണ് ഇന്നലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചത്.
കാർ വാങ്ങിയാൽ പോര റോഡ് നന്നാക്കണം
മേയർ വാങ്ങിയ കാർ കുറ്റിക്കകം മുനമ്പ് റോഡിലൂടെ ഓടിച്ച് വേണം ഉദ്ഘാടനം ചെയ്യാനെന്നും കൗൺസിലർ. കാർ വാങ്ങാൻ ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ തോട്ടട കിഴുന്നപ്പാറ കുറ്റിക്കകം മുനമ്പ് റോഡ് തകർന്ന് തരിപ്പണമായിട്ടും നന്നാക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തത് കെ.കെ ഭാരതി ചൂണ്ടിക്കാട്ടി. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലാണ് അമൃത് പദ്ധതിയിൽപ്പെടുത്തി പൈപ്പിടാൻ വേണ്ടി കുഴിയെടുത്തത്. കരാറുകാരൻ അയാൾക്ക് തോന്നിയത് പോലെയാണ് പൈപ്പിടുന്നത്. ഈ വിഷയത്തിൽ നടപടിയെടുക്കണമെന്നു സുമാബാലകൃഷ്ണനും ആവശ്യപ്പെട്ടു.