കാഞ്ഞങ്ങാട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട്ടു നിന്ന് താൻ അരലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെടുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. ഇന്നലെ കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് ഉന്നതാധികാര സമിതി ചേർന്ന് വോട്ടെടുപ്പ് വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിലുണ്ടായ അടിയൊഴുക്ക് തനിക്ക് അനുകൂലമാണ്. കാസർകോട് മണ്ഡലത്തിൽ 112 ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ ഗൾഫിലുള്ള മകൻ മധുവിന്റെ വോട്ട് മറ്റാരോ ചെയ്തു. ജില്ലാ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടർ സി.പി.എം ഏരിയ സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജില്ല കളക്ടർ കൂട്ടുനിന്നു. ഇതിൽ പ്രതിഷേധിച്ച് കളക്ട്രേറ്റിനു മുന്നിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ്ണ നടത്തും.

അതേസമയം കാസർകോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കാൽ ലക്ഷമായിരിക്കുമെന്ന് യു.ഡി.എഫ്ചെയർമാൻ എം.സി ഖമറുദ്ദീൻ പറഞ്ഞു. ഉന്നതാധികാര സമിതിയുടെ വിലയിരുത്തൽ ഇപ്രകാരമാണെന്ന് ഖമറുദ്ദീൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി രതീഷ് കുമാർ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സെക്രട്ടറി എം. അസിനാർ എന്നിവരും സംബന്ധിച്ചു.