fake-vote

കാസർകോട്: കാസർകോട് മണ്ഡലത്തിലെ മുസ്ലിംലീഗ് കേന്ദ്രങ്ങളിൽ യു.ഡി.എഫ് കള്ളവോട്ടു ചെയ്‌തതിന്റെ തെളിവുകളെന്ന് ആരോപിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ട് സി.പി.എം തിരിച്ചടിച്ചു. ഉദുമ, മാടായി മേഖലകളിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ടു ചെയ്‌തെന്നാണ് ആരോപണം.

കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ലീഗുകാർ കള്ളവോട്ടുചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മാടായി പഞ്ചായത്തിൽ പുതിയങ്ങാടി ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു ബൂത്തുകളിൽ ഒരാൾതന്നെ അഞ്ച് വോട്ടുവരെ ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. മുട്ടം ഗവ. മാപ്പിള യു.പി സ്‌കൂളിലും കള്ളവോട്ടു നടന്നു. ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ 69-ാം ബൂത്തിലെ 387-ാം നമ്പർ വോട്ടറായ ലീഗ് പ്രവർത്തകൻ മുഹമ്മദ് ഫായിസ് 70 -ാം നമ്പർ ബൂത്തിൽ കള്ളവോട്ടു ചെയ്‌തു. സ്വന്തം ബൂത്തിലും ഇയാൾ പിന്നീട് വോട്ടുചെയ്യുന്നു. 69-ാം ബൂത്തിലെ 76-ാം നമ്പർ വോട്ടറായ കെ.എം. ആഷിഖ് ഈ ബൂത്തിൽ അഞ്ചു തവണ വോട്ടു ചെയ്‌തതായാണ് ആരോപണം. കള്ളവോട്ടുചെയ്യുന്നതിനെ എൽ.ഡി.എഫ് ഏജന്റ് ചോദ്യംചെയ്യുമ്പോൾ ഫായീസും സംഘവും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു വോട്ട് ചെയ്തുവന്ന ആഷിഖ് ബൂത്തിൽനിന്നു പുറത്തുപോകാതെ വീണ്ടും ക്യൂവിൽനിന്ന് രണ്ടാമത്തെ വോട്ട് ചെയ്യുന്നു. ഈസമയം ലീഗ് പ്രവർത്തകനായ സൈനു പുതിയ സ്ലിപ്പ് കൈമാറുന്നു. ആ സ്ലിപ്പുമായി മൂന്നാമത്തെ വോട്ടും ചെയ്ത ശേഷമാണ് ആഷിഖ് പുറത്തേക്കു പോകുന്നത്. ഉദുമ അസംബ്ലി മണ്ഡലത്തിലെ പള്ളിക്കര കല്ലിങ്കാൽ സൗത്ത് എം.യു.പി സ്‌കൂൾ 126- ാം ബൂത്തിൽ ഗൾഫിലുള്ളവരുടെ വോട്ടുകളാണ് ലീഗ് പ്രവർത്തകർ ചെയ്തത്. ചോദ്യംചെയ്ത പോളിംഗ് ഉദ്യോഗസ്ഥരെയും എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാരെയും ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

പള്ളിപ്പുഴയിലെ ആയിഷയുടെ വോട്ട് ലീഗ് പ്രവർത്തക ചെയ്യാൻ ശ്രമിച്ചപ്പോൾ കള്ളവോട്ടാണെന്നു തിരിച്ചറിഞ്ഞ് എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാർ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി. ഗൾഫിലുള്ള പി.കെ. അബൂബക്കർ സിദ്ദിഖിന് 126- ാം ബൂത്തിൽ 313, 314 ക്രമനമ്പരിൽ രണ്ടു വോട്ടുണ്ടായിരുന്നു. ഇതിൽ ഒരു വോട്ട് 125- ാം ബൂത്തിൽ ഉൾപ്പെടുന്ന സിദ്ദിഖ് എന്നു പേരുള്ള മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചു. ഗൾഫിലുള്ള ഉമ്മർ ഫാറൂഖിന്റെയും 125- ാം ബൂത്തിൽ ഇംതിയാസ് അസ്സന്റെയും പേരിലും കള്ളവോട്ട് ചെയ്തു. മേൽപറമ്പ് ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 8മുതൽ 13 വരെ ബൂത്തുകളിലും യു.ഡി.എഫ് വ്യാപകമായി കള്ളവോട്ട്‌ ചെയ്തതായാണ് ആരോപണം. തെക്കിൽ ഫെറി സ്‌കൂളിലെ 83, 84 ബൂത്തുകളിലും കള്ളവോട്ട് നടന്നു. പരാതിപ്പെട്ട എൽ.ഡി.എഫ് ബൂത്ത് ഏജന്റുമാരെ ആക്രമിച്ച ശേഷമാണ് നാട്ടിലില്ലാത്തവരുടെ വോട്ട് രേഖപ്പെടുത്തിയതെന്ന് സി.പി.എം ആരോപിക്കുന്നു.