കാസർകോട് : തൃക്കരിപ്പൂരിലെ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കളക്ടർ ഡി.സജിത് ബാബു പ്രതികരിച്ചു. ആരോപണ വിധേയനായ ചീമേനി സ്വദേശി കെ.ശ്യം കുമാറിന്റെ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് ഇന്നുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയ്ക്ക് നൽകും. വെബ് കാസ്റ്റിംഗ് വിഷ്വൽ ഒന്നുകൂടി പരിശോധിക്കുമെന്നും കളക്ടർ അറിയിച്ചു. ഈ ബൂത്തിൽ രണ്ടു തവണ വന്നുപോകുന്നത് കണ്ടതിനെ തുടർന്നാണ് ചീമേനിയിലെ ശ്യാം കുമാറിനോട് ഇന്നലെ ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ കളക്ടർ മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്. അത് പ്രകാരം ശ്യാം കുമാർ ഹാജരായി മൊഴി നൽകുകയായിരുന്നു.