തൃക്കരിപ്പൂർ: കനത്ത മഴയും കാറ്റും തീരദേശത്ത് നാശം വിതച്ചു. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വന്മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. നീലേശ്വരം അഴിത്തലയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ തീരദേശ പൊലീസ് സ്റ്റേഷന്റെ മേൽക്കൂര പറന്നു പോയി. 250 മീറ്ററോളം ദുരത്തേക്ക് പറന്നു പോയ മേൽക്കൂര ഒരു മരത്തിൽ തട്ടി താഴെ പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ചില ഭാഗങ്ങളും ഇതോടൊപ്പം തകർന്നു. ഈ സമയം നാലോളം ജീവനക്കാരാണ് ഓഫീസിനകത്ത് ഉണ്ടായിരുന്നത്.
പ്രദേശത്തെ നാലോളം വീടുകളുടെ മേൽക്കൂര തകർന്നു. മരങ്ങൾ പൊട്ടിവീണ് വൈദ്യുതി വിതരണം താറുമാറായി. വിവിധ സ്ഥലങ്ങളിലായി വീടിന് മുകളിൽ തെങ്ങ് വീണു. അച്ചാംതുരുത്തിയിലെ തെക്കാത്തിൽ കുഞ്ഞാച്ച, വി.വി. ചുന്ദൻ, ഓർക്കുളത്തെ ടി.വി. കല്യാണി, എം. മുരളി, കാവുഞ്ചിറയിലെ പി.പി. മാധവി, തുരുത്തിയിലെ എ.സി. മറിയുമ്മ, എരിഞ്ഞിക്കീലിലെ ടി.പി. കൃഷ്ണൻ എന്നിവരുടെ വീടുകൾക്കാണ് തെങ്ങുവീണ് നാശനഷ്ടമുണ്ടായത്. കൈതക്കാടെ ടി. കല്യാണിയുടെ ഓലമേഞ്ഞ ഷെഡ് തെങ്ങുവീണ് പൂർണമായും തകർന്നു. കൂറ്റൻ തിരമാലകൾ ഉയർന്നുപൊങ്ങുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് വീശന്നതും കണ്ടതോടെ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
ചെറുവത്തൂർ വില്ലേജ് ഓഫിസർ ബിജു സ്ഥലങ്ങൾ സന്ദർച്ച് നാശനഷ്ടങ്ങൾ കണക്കാക്കി.
തൃക്കരിപ്പൂരും പരിസര പ്രദേശങ്ങളിലുമായി നിരവധി വൈദ്യുതി തൂണുകൾ കാറ്റിൽ തകർന്നു വീണു. എടാട്ടുമ്മൽ കിഴക്കെ കരയിൽ ഹൈടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റ് തകർന്നു. പ്രദേശം പൂർണ്ണമായും ഇരുട്ടിലായി. തങ്കയം, മുതിര കൊവ്വൽ, മാച്ചിക്കാട് ഭാഗങ്ങളിലും വൈദ്യുതി തൂണുകൾ തകർന്നതുമൂലം വൈദ്യുതി ബന്ധം നിലച്ചു.