കാസർകോട് : നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ അക്രമക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഉളിയത്തടുക്കയിലെ എ.ഇ. ഷംസുദ്ദീൻ എന്ന കോബ്ര സമദാനിയെയാണ് പിടികൂടിയത്. സമദാനിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് ബദിയടുക്ക പൊലീസ് കരിപ്പൂരിലേക്ക് പോയി.
കഞ്ചാവ് കടത്ത് പൊലീസിൽ ഒറ്റിക്കൊടുത്തു എന്നാരോപിച്ച് നെല്ലിക്കട്ടയിലെ നൗഷാദിനെ കഴിഞ്ഞ വർഷം ഒക്‌ടോബർ 8ന് രാത്രി നാലംഗ സംഘം കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോയി മധൂർ പറക്കിലയിൽ വെച്ച് മർദ്ദിച്ചവശനാക്കുകയും ആൾതാമസമില്ലാത്ത മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സഫ്‌വാൻ, ബദ്‌റു, സമദാനി തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. സഫ്‌വാനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമദാനിയെയും ബദ്‌റുവിനെയും കണ്ടെത്തുന്നതിന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഗൾഫിൽ പോയ സമദാനിയെ നാട്ടിലേക്ക് തിരികെ വരാൻ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് പിടികൂടിയത്. സമദാനിക്കെതിരെ വിദ്യാനഗർ, കുമ്പള, കാസർകോട്, ബദിയടുക്ക സ്റ്റേഷനുകളിലായി ഏഴോളം കേസുകളുണ്ട്. വധശ്രമം, പിടിച്ചു പറി, ലഹരിമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ്