election-2019

കൽപ്പറ്റ: വയനാട് പടയൊരുക്കത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുന്നത് ചില്ലറക്കാരനല്ല- കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ!

രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം കാരണം എട്ടു ദിവസം മരണവീടു പോലെ മൂകമായിരുന്ന യു.ഡി.എഫ് പ്രചാരണ കമ്മിറ്റി ഓഫീസുകളെല്ലാം ഒറ്റ ദിവസംകൊണ്ട് ഉഷാർ. സ്ഥാനാർത്ഥിയില്ലാതെ തന്നെ മണ്ഡലത്തിൽ ആകെയൊരു തിരയിളക്കം. ഇടതു സ്ഥാനാർത്ഥി പി.പി.സുനീർ മൂന്നാംഘട്ട പ്രചാരണത്തിലേക്കു കടന്നപ്പോഴാണ് യു.ഡി.എഫിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. പക്ഷേ, ഒറ്റ ദിവസംകൊണ്ട് ആ ക്ഷീണമെല്ലാം തീർന്ന് മുന്നണി പ്രവർത്തകർ വയനാടൻ പടയൊരുക്കം ശക്തമാക്കി.

ഇന്നലെ മുതൽ പ്രവർത്തകർ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിലാണ്. വ്യാഴാഴ്ചയാണ് രാഹുൽഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുക. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുൽ അന്നു രാത്രി ഗസ്റ്റ് ഹൗസിൽ താമസിച്ച് കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

എ.ഐ.സി.സിയുടെ മുതിർന്ന നേതാക്കൾ രാഹുലിനൊപ്പമുണ്ടാകും.

രാവിലെ ഹെലികോപ്ടറിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപാഡിലാണ് രാഹുൽ വന്നിറങ്ങുക. കൽപ്പറ്റ വരെ റോഡ് ഷോ. അതിനു ശേഷമാണ് പത്രികാ സമർപ്പണം.രാഹുലിനൊപ്പം അന്നു പ്രിയങ്കയും കാണുമെന്നാണ് കേൾക്കുന്നത്. എങ്കിൽ ഒന്നുകൂടി കൊഴുക്കും. എ.ഐ.സി.സി നേതാക്കളും സംസ്ഥാന നേതാക്കളുമൊക്കെ അന്ന് വയനാട്ടിലുണ്ടാകും.

പത്രിക നൽകിയ ശേഷം മണ്ഡലത്തിലെ പ്രവർത്തകരെ രാഹുൽഗാന്ധി കാണും.ചുരുങ്ങിയ ദിവസം മാത്രമെ വയനാട്ടിൽ പ്രചാരണത്തിന്റെ ഭാഗമായി രാഹുൽഗാന്ധി ഉണ്ടാവൂ. അക്കാര്യം മണ്ഡലത്തിലെ കോൺഗ്രസ്- യു.ഡി.എഫ് പ്രവർത്തകർക്ക് അറിയാമെങ്കിലും അതൊരു കുറവായി ആരും കാണുന്നില്ല. സ്ഥാനാർത്ഥിയായി രാഹുൽ നിന്നാൽ മാത്രം മതി, ചുരുങ്ങിയത് അഞ്ചു ലക്ഷം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാമെന്നാണ് വയനാട്ടിലെ കോൺഗ്രസ് നൽകുന്ന ഉറപ്പ്.

തിരഞ്ഞെടുപ്പു തന്ത്രങ്ങൾ ആവിഷ്ക്കരിക്കാൻ ഇന്നു രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട്ടിൽ എത്തുന്നുണ്ട്.വയനാട് ഡി.സി.സിയിൽ അദ്ദേഹം പ്രധാന നേതാക്കളുമൊത്ത് യോഗം ചേരും. രമേശിനാണ് തിരഞ്ഞെടുപ്പു കമ്മിറ്റികളുടെ ചുമതല.

രാഹുലിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളോടെയാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. രാഹുൽ എത്തുന്നതിനു മുന്നോടിയായി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ കരിപ്പൂരിലെത്തി. തുടർന്ന് വയനാട്ടിലെത്തിയും സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തി. കേരളത്തിൽ രാഹുലിന്റെ പ്രചാരണ പരിപാടികളിലുടനീളം വലിയ സുരക്ഷാ സന്നാഹങ്ങളായിരിക്കും ഉണ്ടാവുക. രാഹുലിന്റെ സുരക്ഷാ സേന സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്യും.