kannam-a
വയനാട് പാർലമെന്റ് മണ്ഡലം സി പി ഐ തിരഞ്ഞെടുപ്പ് കമ്മറ്റി ഭരവാഹികളുടെ യോഗം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൽപറ്റ:കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് നേരിടാൻ പറ്റാത്ത ഒരു നേതാവും മത്സരിക്കുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.വയനാട് പാർലമെന്റ് മണ്ഡലം സി പി ഐ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും എൽ ഡി എഫ് സ്ഥാനാർഥികൾ പത്രിക സമർപ്പണം പൂർത്തിയാക്കി കഴിഞ്ഞു.സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാനുളള പ്രചരണ പ്രവർത്തനങ്ങൾ ശക്തമായി നടക്കുകയാണ്.പാർലമെന്റിൽ ഇടത് പ്രാതിനിധ്യം വർദ്ധിപ്പിക്കാനും മോദിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനും കേരളത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്.സംസ്ഥാന സർക്കാറിൻെ ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.ജനങ്ങൾ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണ നേട്ടങ്ങൾ വിലയിരുത്തുന്നത്.സംസ്ഥാനത്ത് എൽ ഡി എഫ് മികച്ച നേട്ടം കൈവരിക്കും. ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് വയനാട്.എതിരാളി ആരായാലും നേരിടും.മൈനോരിറ്റി വിവാദം ബി ജെ പി യിടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർഥിയാക്കരുതെന്ന് സി പി ഐ പറഞ്ഞിട്ടില്ല.മറ്റു പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിൽ സി പി ഐ ഇടപെടാറില്ല.രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ട് കേരളത്തിൽ യാതൊരു വിധ തരംഗവും സൃഷ്ടിക്കാൻ കഴിയില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു പിയിൽ നിന്നാണ് സോണിയാ ഗാന്ധിയും,രാഹുൽ ഗാന്ധിയും മത്സരിച്ചത്.അന്ന് യു പി ലെ ഭൂരിഭാഗം സീറ്റുകളും മറ്റ് പാർട്ടികളാണ് നേടിയത്.യു പിയിൽ ഉണ്ടാകാത്ത ഒരു തരംഗവും കേരളത്തിൽ ഉണ്ടാകില്ല.രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ദേശീയ മതേതരത്വ നിലപാടുകളുടെ കടക്കലാണ് കത്തി വെച്ചിരിക്കുന്നത്.വയനാട് പാർലമെന്റ് മണ്ഡലത്തിൽ എൽഡി എഫിന് ലഭിക്കുന്ന ഓരോവോട്ടും ദേശീയ മതേതരത്വ നിലപടുകൾക്കുകിട്ടുന്ന അംഗീകാരമാണ്.മത നിരപേക്ഷ സർക്കാരെന്നാൽ കോൺഗ്രസ് മാത്രമല്ല.ശക്തമായ മതേതരത്വ നിലപാടുകൾ സ്വീകരിക്കുന്ന പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഇന്ത്യയിൽ ഉണ്ട്.ബി ജെ പി യെ എതിർക്കുകയെന്ന പ്രതിപക്ഷ രാഷ്ട്രീയം രാഹുൽ ഗാന്ധി കൈവിട്ടതായും കാനം രാജേന്ദ്രൻ പറഞ്ഞു.സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി,വയനാട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനർ അഡ്വ: പി സന്തോഷ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.