കൽപ്പറ്റ: രാഹുലിനെപ്പോലെ യുദ്ധ ഭൂമിയിൽ നിന്ന് പേടിച്ച് ഒളിച്ചോടി വന്നവർക്ക് വീര പഴശിയുടെ നാടായ വയനാട്ടിൽ സ്ഥാനമില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കണക്ക് കൂട്ടലിന്റെ ഭാഗമായാണ് രാഹുൽ വയനാട്ടിലേക്ക് മത്സരിക്കാനെത്തിയത്. രാഹുൽ തരംഗത്തിൽ കേരളത്തിലെ 20 സീറ്റും യുഡിഎഫിന് കിട്ടും എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത്ര കാലം അമേത്തിയിൽ തരംഗമുണ്ടാക്കാൻ കഴിയാത്ത ആൾക്കെങ്ങനെ കേരളത്തിൽ തരംഗമുണ്ടാക്കാൻ കഴിയും. അമേത്തി കൂടെ പോകും എന്ന് ഭയന്നാണിപ്പോൾ വയനാട്ടിലേക്ക് വന്നത്.
മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികളെ ക്രൂരമായി വെടിവെച്ച് കൊന്ന എ.കെ. ആന്റണി രാഹുലിന്റെ വക്താവായി വരുമ്പോൾ ആദിവാസികളോട് മാപ്പു പറയാൻ തയ്യാറാകുമോ എന്നും ആറു ലക്ഷം മുസ്ലിം വോട്ടർമാരുള്ള അമേത്തിയിലെ പ്രചാരണത്തിന് ലീഗ് നേതാക്കളെ പങ്കെടുപ്പിക്കാൻ രാഹുൽ തയ്യാറാകുമോ എന്നും കോടിയേരി ചോദിച്ചു.