കൽപ്പറ്റ:വിജ്ഞാനത്തോടൊപ്പം വിവേകമുള്ള ധർമാചരണത്തിൽ കൂടിയേ ജീവിതം സമാധാനമുള്ളതാക്കാൻ സാധിക്കുകയുള്ളുവെന്ന് കർണാടകയിലെ സോംദ ജൈന മഠാധിപതി സ്വസ്തിശ്രീ ശ്രീ ശ്രീ ഭട്ടാകലംക ഭട്ടാരക പട്ടാചാര്യവര്യ സ്വാമി പറഞ്ഞു. പുളിയാർമല അനന്തനാഥ സ്വാമിക്ഷേത്രത്തിന്റെ 86ാം വാർഷിക പൂജയുടെ ഭാഗമായുള്ള ധാർമിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരവും വൈഭവങ്ങളും ശാശ്വതമല്ല. ഭക്തിയിലൂടെയും നല്ല കർമങ്ങളിലൂടെയും ജീവിതം പവിത്രമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനന്തനാഥസ്വാമി ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ എം.പി. അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ സമുദായമാണെങ്കിലും പൂർവികരുടെ ധാർമിക ചിന്തയും സേവനമനോഭാവവും പുതിയ തലമുറ നിലനിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ ത്രൈരത്‌നങ്ങൾ എന്നറിയപ്പെടുന്ന മഹാകവി ജന്നയുടെ യശോധര ചരിതത്തിന്റെ മലയാളം പരിഭാഷ സ്വാമിജി പ്രകാശനം ചെയ്തു. അനന്തനാഥസ്വാമി ദേവസ്വം ട്രസ്റ്റ് മുൻ സെക്രട്ടറി എം.ഡി. അഭിനന്ദനകുമാറിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ഭാര്യ കെ. വനജയാണ് പരിഭാഷ ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ചത്. വി.വി. ജിനേന്ദ്രപ്രസാദാണ് പുസ്തകം വിവർത്തനം ചെയ്തത്. എ.ഡി. യശോധരൻ, വി.വി. ജിനേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. വാർഷികപൂജയുടെ ഭാഗമായി 108 കലശ മഹാഭിഷേക പൂജയും നടന്നു.