rahul-gandhi

കൽപ്പറ്റ: ഇന്നലെ രാത്രി കോഴിക്കോടെത്തിയ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഇന്ന് രാവിലെ പതിനൊന്നരയോടെ വരണാധികാരി കൂടിയായ വയനാട് കളക്ടർ എ.ആർ. അജയകുമാർ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമെത്തും. ഒമ്പത് മണിയോടെ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ ഇരുവരും വന്നിറങ്ങും. തുടർന്ന് റോഡ് ഷോ നടത്തിയശേഷമായിരിക്കും പത്രിക നൽകുക. കനത്ത സുരക്ഷയിലാണ് കൽപ്പറ്റ നഗരം. റോഡ് ഷോ നടക്കുന്ന പഴയ ബസ് സ്റ്റാൻഡ് മുതൽ കനറാ ബാങ്ക് വരെ റോഡിന്റെ ഒരു ഭാഗത്ത് പൊലീസ് ബാരിക്കേഡ് കെട്ടി. നഗരത്തിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ​മുകുൾ വാസ്‌നിക്ക് എന്നിവർ ഇന്നലെ കൽപ്പറ്റയിൽ എത്തിയിരുന്നു.

ദക്ഷിണേന്ത്യയിൽ മാത്രമല്ല ഭാരതം മുഴുവൻ രാഹുൽ തരംഗമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ. സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് പറഞ്ഞു.