raja

കൽപ്പറ്റ: ഭയപ്പെടുത്തി വരുതിയിലാക്കുകയെന്ന തന്ത്രം നരേന്ദ്രമോദിയും ബി.ജെ.പിയും തിരഞ്ഞെടുപ്പിലും പയറ്റുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു. വയനാട് പ്രസ് ക്ലബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പ്രചാരണം നടത്തുകയാണ്. മോദി ആർമിയല്ല, ഇന്ത്യൻ ആർമിയാണ് രാജ്യത്തിന്റേത്. ബഹിരാകാശ നേട്ടങ്ങളും മോദിയുടേതല്ല, രാജ്യത്തിന്റേതാണ്. വിലകുറഞ്ഞ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടേത്. മോദിയെ മാറ്റി മതേതര സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരികയെന്നതാണ് ഇടതുപക്ഷ പാർട്ടികളുടെ ലക്ഷ്യം.ബിജെപി ഭരണത്തിൽ ആദിവാസി, ദളിത് വിഭാഗങ്ങളെ വേട്ടയാടി. സർവമേഖലകളും തകർന്നു. പ്രധാനമന്ത്രി ആരുടെ കാവൽക്കാരനാണെന്ന ചോദ്യം ഉയർന്നു. അഞ്ച്‌കൊല്ലം അദേഹം കോർപ്പറേറ്റുകളുടെ കാവൽക്കാരനായിരുന്നു. ആസൂത്രണ കമീഷനെ ഇല്ലാതാക്കി. ആർ.എസ്.എസും ബി.ജെ.പിയും ഭരണഘടനയേയും ജനാധിപത്യത്തേയും അംഗീകരിക്കാത്തവരാണ്. ഒരുതവണകൂടി മോദി അധികാരത്തിലെത്തിയാൽ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. കേരളത്തിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണ് മതേതര സർക്കാരിനുവേണ്ടി പ്രതിപക്ഷ പാർട്ടികൾ പോരാടുമ്പോൾ രാഹുൽ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമാണെന്നും അദ്ദേഹം ആരോപിച്ചു.മീറ്റ് ദ പ്രസിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷനായി. സെക്രട്ടറി പി.ഒ.ഷീജ സ്വാഗതവും വി.ജെ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.