കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. വയനാട് കളക്ടർ എ.ആർ അജയകുമാറിന് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചശേഷം തുഷാർ മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. മോദി വരുന്ന തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ വികസനം മാത്രമല്ല, രാജ്യത്തിന്റെ വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. അമേതി ഭരിച്ച് അവിടുത്തുകാരെ പട്ടിണിയിൽ ആക്കിയിട്ടാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം. മുസ്ലീം ലീഗിന്റെ വോട്ടിൽ കണ്ണുനട്ടാണ് വരവ്. ഭാവി പ്രതിപക്ഷ നേതാവിന് വോട്ട് ചെയ്യണോ എന്ന് ജനം തീരുമാനിക്കും.പത്ത് വർഷം യു.ഡി.എഫ് ഭരിച്ച് കുളംതോണ്ടിയ മണ്ഡലമാണിത്. വയനാടിന് ഇടത്, വലത് മുന്നണികളിൽ നിന്ന് അവഗണനയാണ് ലഭിച്ചത്. കേന്ദ്ര സർക്കാർ ആസ്‌പിറേഷൻ ജില്ലാ പദ്ധതിയിൽ വയനാടിനെ ഉൾപെടുത്തിയിട്ടുണ്ട്. അഞ്ച് വർഷം കൊണ്ട് വയനാടിന്റെ മുഖഛായ മാറും. വയനാടിന്റെ വികസനത്തിന് റെയിൽവേ, എയിംസ്, കാർഷിക, ആദിവാസി, ന്യൂനപക്ഷ പാക്കേജുകൾ തുടങ്ങി പലകാര്യങ്ങളും ആസ്‌പിറേഷൻ പദ്ധതിയിൽ നടപ്പാക്കാനാകും. തിരഞ്ഞെടുക്കപെട്ടാൽ മൂന്നു മാസത്തിനുള്ളിൽ രാത്രി യാത്രാ നിരോധനം നീക്കും. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകും. ഗുരുദേവനെ കുരിശിൽ തറച്ചതൊന്നും ജനങ്ങൾ മറന്നിട്ടില്ല്. നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന് ഗുണകരമായി. ഇത് വഴിയാണ് ഇന്ന് കർഷകരുടെ അക്കൗണ്ടിൽ 6000 രൂപവീതം എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.