മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ സ്ഥാനാർത്ഥിയായത് കോർപ്പറേറ്റുകൾക്ക് വേണ്ടിയെന്നും ഉത്തരപ്രദേശിൽ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത രാഹുൽ അവിടെ അമേഠി മണ്ഡലത്തിലെ തോൽവി പേടിച്ചാണ് വയനാട് എത്തിയതെന്നും സി കെ. ജാനു പറഞ്ഞു. മാനന്തവാടിയിൽ എൽ.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരിന്നു അവർ. വയനാട്ടിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിക്കുന്നതിന് പോലും കഴിയാത്ത രാഹുൽ എങ്ങനെ മണ്ഡലത്തിലെ വിഷയങ്ങളിൽ ഇടപെടുമെന്നും ജാനു ചോദിച്ചു. കോൺഗ്രസ് നേതാക്കൾ പറയുന്നത് രാഹുൽ വയനാട്ടിൽ മൽസരിച്ചാൽ വികസനം വരുമെന്നാണ്. കുടുംബപരമായി വർഷങ്ങളായി മൽസരിക്കുന്ന അമേഠിയിലെ വികസനം എന്താണെന്ന് കോൺഗ്രസ് ജനങ്ങളോട് പറയണം. വയനാട് മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷം എന്ത് വികസനമാണ് എം പി നടത്തിയതെന്നും അദിവാസികളുടെ സംരക്ഷണത്തിന് വേണ്ടിയൊന്നും ഇവർക്ക് ചെയ്യാൻ കഴിഞ്ഞില്ലന്നും ഇടതുപക്ഷത്തിന്റെ വിജയം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്നും ജാനു പറഞ്ഞു.