rahul-gandhi

കൽപ്പറ്റ നഗരത്തെ വീർപ്പുമുട്ടിച്ച റോഡ് ഷോ

കൽപ്പറ്റ: വന്നു കണ്ടു കീഴടക്കി എന്നത് പോലെയായി രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. വയനാട്ടിൽ കടലില്ല. പക്ഷേ,​ ഇന്നലെ വയനാട്ടുകാ‌ർ കടൽ കണ്ടു. അക്ഷരാർത്ഥത്തിൽ ജനസാഗരം. രാഹുലിന്റെ ഹെലികോപ്‌ടർ കൽപ്പറ്റയുടെ ആകാശത്തു പ്രത്യക്ഷപ്പെട്ടപ്പോഴേ,​ ആ പങ്കയുടെ കാറ്റിൽ താഴെ എസ്.കെ.എം.ജെ സ്‌കൂൾ പരിസരത്ത് കടലിളകി. മൈതാനത്ത്,​ രാഹുലിനെയും പ്രിയങ്കയെയും ഒരുമിച്ചു കണ്ടതോടെ അതൊരു ഇരമ്പമായി.

പുലർച്ചെ മുതൽ ജനം കാത്തു നിൽക്കുകയായിരുന്നു.

എല്ലാം കൊണ്ടും വയനാട് ആകെ ഇളകി മറിഞ്ഞു. നാമനിർദ്ദേശ പത്രിക നൽകാനായി സഹോദരി പ്രിയങ്കയ്ക്കൊപ്പം എത്തിയ രാഹുൽ വയനാടൻ ജനതയുടെ മനം കവർന്നു. വയനാട് മണ്ഡലത്തിലെ ‌ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ഇന്നലെ പ്രവർത്തകർ ഒഴുകിയെത്തി. പത്ത് മണിയോടെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റ നഗരം പ്രവർത്തകരെ ഉൾക്കൊള്ളാനാകാതെ വീർപ്പുമുട്ടി. നിന്ന് തിരിയാൻ ഇടമില്ലാതെ റോഡുകൾക്കിരുവശവുമായി തീർത്ത ബാരിക്കേടുകൾക്കിടയിൽ നിന്ന് കുടിവെളളം പോലും ലഭിക്കാതെ ജനം വലഞ്ഞു. ഒരു നോക്ക് കാണണം, അത്രമാത്രം. അതിന് മണിക്കൂറുകളോളം നടുറോഡിൽ ക്യൂ. അതിൽ സ്ത്രീകളും യുവാക്കളുമായിരുന്നു ഏറെയും. പതിനൊന്നിന് രാഹുൽ ഗാന്ധിയും പ്രിയങ്കയും എസ്.കെ. എം.ജെ ഹൈസ്കൂളിലെ ഹെലിപാഡിൽ ഇറങ്ങി. നേരത്തെ ഇവിടെ വന്നെത്തിയ സംസ്ഥാന നേതാക്കൾ ഇരുവരെയും സ്വീകരിച്ചു. പിന്നെ നാമനിർദ്ദേശ പത്രിക നൽകാനായി ഇരുനൂറ് മീറ്റർ മാത്രം അകലെയുള്ള വയനാട് കളക്ടറേറ്റിലേക്ക് തുറന്ന വാഹനത്തിൽ. അപ്പോഴും കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡുവരെയുള്ള മൂന്ന് കിലോമീറ്റർ അകലെവരെയുളള റോഡിൽ ജനം സൂചി കുത്താൻ പോലും ഇടമില്ലാതെ നിലകൊണ്ടു.

നാലു സെറ്റ് നാമനിർദേശപത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകളെല്ലാം തന്നെ രാഹുൽ വരാണാധികാരിയായ കളക്ടർ എ.ആർ. അജയകുമാറിന് മുന്നിൽ സമർപ്പിച്ചു. അതിന് ശേഷമായിരുന്നു തുറന്ന വാഹനത്തിൽ റോഡ് ഷോ. കൽപ്പറ്റ ബൈപ്പാസിലൂടെ പുതിയ ബസ് സ്റ്റാൻഡ് വഴി എത്തിയാണ് റോഡ് ഷോ. വയനാട് കണ്ട ഏറ്റവും വലിയ ജനസഞ്ചയം ഇൗ മുഹൂർത്തത്തിന് സാക്ഷികളാകാൻ എത്തി. തുറന്ന വാഹനത്തിൽ ജനങ്ങൾക്കിടയിലേക്ക് നീങ്ങിയ രാഹുലും പ്രിയങ്കയും കൈവീശി ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തു. പതിനൊന്നര മണിക്ക് തുടങ്ങിയ റോഡ് ഷോ ഒന്നരവരെ നീണ്ടു. റോഡുകൾക്ക് ഇരുവശവും കൈവരികൾ കെട്ടിയത് കാരണം ഇരുവരെയും വ്യക്തമായി തന്നെ കാണാൻ ഏവർക്കും കഴിഞ്ഞു. ആയിരത്തിലേറെ പൊലീസുകാർ ഡ്യൂട്ടിയിൽ സജീവമായി. രാഹുലിന്റെ വരവുമായി ബന്ധപ്പെട്ട് കൽപ്പറ്റ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും ഇന്നലെ അടഞ്ഞ് കിടന്നു. അത് കാരണം ദാഹജലം പോലും കിട്ടിയില്ല.

ലീഗുകാർ എത്തിയത് കുടുംബ സമേതം

കൽപ്പറ്റ: മുസ്ലിം ലീഗ് പ്രവർത്തകരിൽ ഭൂരിപക്ഷവും എത്തിയത് കുടുംബ സമേതം കൊച്ചു കുട്ടികളുമായാണ്. അതി രാവിലെ തന്നെ മുസ്ലിം ലീഗ് പ്രവർത്തകർ കൂറ്റൻ ഹരിതവർണ കൊടികളുമായി ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി കൽപ്പറ്റ നഗരത്തിൽ റോന്ത് ചുറ്റുന്നത് കാണാമായിരുന്നു. മുസ്ലിം ലീഗിന്റെ പ്രവർത്തകർ മാത്രമല്ല സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും രാഹുലിന്റെ നാമനിർദ്ദേശ പത്രിക ചടങ്ങിൽ പങ്കെടുക്കാനെത്തി.