manu

കൽപ്പറ്റ: രാഹുൽഗാന്ധിയുടെ തുറന്ന വാഹനത്തിന് മുന്നിലായി പോയ മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്റെ കൈവരികൾ തകർന്ന് പരിക്കേറ്രവരിൽ കേരളകൗമുദിയുടെ തിരുവന്തപുരത്ത് നിന്നെത്തിയ ഫോട്ടോഗ്രാഫർ മനു മംഗലശ്ശേരിയും ഉൾപ്പെടും.

വാഹനത്തിന്റെ കൈവരി തകർന്ന് മാദ്ധ്യമ പ്രവർത്തകർ വീണപ്പാേൾ മനുവും നെഞ്ചടിച്ച് നിലത്ത് വീണു. ഉടൻ തന്നെ രാഹുൽഗാന്ധിയും പ്രിയങ്കയും തങ്ങളുടെ വാഹനത്തിൽ നിന്ന് ഇറങ്ങിയോടിയെത്തിയാണ് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. നെഞ്ചടിച്ച് വീണ മനുവിന്റെ മേൽ മറ്റ് ഫോട്ടോ ഗ്രാഫർമാരും റിപ്പോർട്ടർമാരും വീണു. ഉടൻ തന്നെ എല്ലാവരെയും എടുത്തുമാറ്റി.

എന്താണ് സംഭവിച്ചെന്ന് അറിയില്ല.എല്ലാം പെട്ടെന്ന് കഴിഞ്ഞു.വെൽഡ് ചെയ്ത് പിടിപ്പിച്ച വാഹനത്തിന്റെ കൈവരികൾ തകർന്ന് നിലത്ത് വീണ തന്നെ ആരോ വന്ന് എടുത്തമാറ്റി.നെഞ്ചടിച്ച് വീണത് കാരണം ചെറിയൊരു വേദനയുണ്ട് - മനു പറഞ്ഞു.
ഫോട്ടോ ഗ്രാഫർമാരും മാധ്യമപ്രവർത്തകരുമായി മുപ്പത്തിയഞ്ചോളം പേരാണ് തുറന്ന വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ദേശീയ മാധ്യമപ്രവർത്തകരും ഉൾപ്പെടും. രാഹുൽഗാന്ധിയുടെ റോഡ് ഷോ കഴിഞ്ഞ് ഒന്നരയോടെ എസ്.കെ. എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിലേക്ക് കയറുമ്പോഴാണ് അപകടം. മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വാഹത്തിന് തൊട്ട് പുറകെയാണ് രാഹുൽഗാന്ധിയുടെ തുറന്ന വാഹനം ഉണ്ടായിരുന്നത്.